'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
ചേലക്കര: മലപ്പുറത്തെ കുറിച്ച വിവാദ പരാമര്‍ശത്തിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയിലാണെന്നും അതിന് കാരണം വിമാനത്താവളം അവിടെയായി എന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ചേലക്കര എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ വഴിയാണ് കൂടുതല്‍ സ്വര്‍ണവും ഹവാല പണവും വരുന്നത്. ഇത് പറഞ്ഞാല്‍ എങ്ങനെ മലപ്പുറത്തെ വിമര്‍ശിക്കലാവും. കുറ്റകൃത്യത്തെ സമുദാത്തിന്റെ പെടലിക്ക് വെക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് എപ്പോഴും സംഘ്പരിവാര്‍ ആണ്. കോണ്‍ഗ്രസും അവര്‍ക്കൊപ്പം കൂടുന്നു. മലപ്പുറത്തെ കൊച്ചുപാകിസ്ഥാന്‍ എന്ന് വിളിച്ചവര്‍ക്കൊപ്പം നിന്നവരാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് മലപ്പുറം എന്ന വാക്കേ ഉച്ചരിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ സാധിക്കണം. ഒരു നേതാവ് ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന് പറയുന്നു. മറ്റൊരാള്‍ ആര്‍.എസ്.എസ് ആചാര്യന്റെ മുന്നില്‍ വണങ്ങുന്നു. കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണങ്ങള്‍ എടുത്തണിയുകയാണ്. കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്‌ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."