വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ
ന്യൂയോര്‍ക്ക്: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സേന 165 ഫലസ്തീനി കുട്ടികളെ കൊന്നൊടുക്കിയതായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ ഓഫിസ്. ഇതില്‍ 36 കുരുന്നുകളെ വ്യോമാക്രമണത്തിലൂടെയും ബാക്കിയുള്ളവരെ വെടിവച്ചുമാണ് കൊലപ്പെടുത്തിയത്. കൂടുതല്‍ പേര്‍ക്കും തലയ്ക്കും മുഖത്തുമൊക്കെയാണ് വെടിയേറ്റതെന്നും സംഘടന വ്യക്തമാക്കുന്നു.
നബുലുസില്‍ കവചിത വാഹനത്തിനു നേരെ കല്ലെറിഞ്ഞതിനാണ് 11കാരനായ അബ്ദുല്ല ജമാല്‍ ഹവാഷിനെ നെഞ്ചിനു നേരെ വെടിവച്ചു കൊന്നത്. ആ ബാലന്‍ ഒരിക്കലും ഇസ്‌റാഈലി സേനയ്ക്ക് ഭീഷണിയായിരുന്നില്ലെന്നും യു.എന്‍ സംഘടന ചൂണ്ടിക്കാട്ടി. അതിനു മുമ്പ് ഹെബ്രോണില്‍ ഒരു 17കാരനെ തലയ്ക്കു വെടിവച്ചിരുന്നു. കുട്ടി ഗുരുതരാവസ്ഥയിലാണ്.
ഹമാസിന് സ്വാധീനമില്ലാത്തതും ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതുമായ പ്രദേശമാണ് വെസ്റ്റ്ബാങ്ക്. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയുള്ള നബുലുസ്, ദെയര്‍ അബൂ മിശ്അല്‍, വെസ്റ്റ് റമല്ല, അല്‍ ബലദ ക്യാംപ്, ഫവ്വാര്‍ ക്യാംപ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
നിരവധി ഫലസ്തീനികളെയാണ് ഇവിടെ സൈന്യം പിടിച്ചുകൊണ്ടുപോകുന്നത്. തടവുകാരെ മനുഷ്യകവചമായി ഉപയോഗിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഗസ്സ ആക്രമണം തുടങ്ങിയശേഷം ഇതുവരെ 11,400 ഫലസ്തീനികളെയാണ് തടവുകാരാക്കിയതെന്ന് ഫലസ്തീന്‍ പ്രസണേഴ്‌സ് സൊസൈറ്റി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."