ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍
ഗസ്സ: ദിവസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ സൈനികരില്‍ മൂന്നു പേരെ കൂടി വകവരുത്തി ഫലസ്തീന്‍ പോരാളികള്‍. ടാങ്ക് ബോംബിട്ട് തകര്‍ത്താണ് അതിനകത്തുള്ള മൂന്നുസൈനികരെയും കൊലപ്പെടുത്തിയതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ടാങ്കിലുണ്ടായിരുന്ന നാലാമത്തെ സൈനികന് പരിക്കേറ്റിട്ടുണ്ട്.
കമാന്‍ഡര്‍ ബരാക് ഇസ്‌റാഈല്‍ സാഗന്‍, സര്‍ജന്റ് ഇഡോ ബെന്‍ സ്വി, സര്‍ജന്റ് ഹില്ലെല്‍ ഒവാഡിയ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും 460ാം കവചിത ബ്രിഗേഡിലെ 196ാം ബറ്റാലിയന്‍ അംഗങ്ങളാണ്.
വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ പ്രവര്‍ത്തനക്ഷമമായ ഏക ആശുപത്രിയായ കമാല്‍ അദ്‌വാന്‍ ഹോസ്പിറ്റലില്‍ ഇരച്ചുകയറി ഐസി.യു.വിലുള്ള രോഗികളെയടക്കം പുറത്തിറക്കുകയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്‌റാഈല്‍ സേനക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70ലധികം ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്.
തെക്കന്‍ ലബനാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ ഇന്നലെ അഞ്ച് ഇസ്‌റാഈല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയും 5 പേരെ ഹിസ്ബുല്ല വധിച്ചതായി ഇസ്‌റാഈല്‍ അറിയിച്ചിരുന്നു. 24 സൈനികര്‍ക്ക് പരിക്കേറ്റതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഗസ്സയില്‍ കരയാക്രമണത്തില്‍ മാത്രം 361 സൈനികര്‍ മരിച്ചതായാണ് ഇസ്‌റാഈല്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."