റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു
മസ്കത്ത്, ഒമാൻ : ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ നഗരത്തിന്റെ പ്രാന്തപ്രദേശമായ അൽ ക്വായിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു.
ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കത്ത് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ് ശാലേം അൽ ധെരൈ അൽ ഐൻ ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അൽ ഖുവൈറിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും രാജ്യത്തിന്റെ വികസനത്തിന് ലുലു നൽകുന്ന പങ്കാളിത്വം മികച്ചതാണെന്നും മസ്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ഒമാനിലെ ലുലുവിന്റെ 32 ാമത്തേതും ജിസിസിയിലെ 244 ാമത്തേതുമാണ് അൽ ഖുവൈറിലെ ഹൈപ്പർമാർക്കറ്റ്. ജിസിസിയിൽ ലുലു കൂടുതൽ പ്രൊജക്ടുകൾ നടപ്പാക്കുകയാണ്. ദുക്മ്, മുസ്സന്ന, സമെയ്ൽ എന്നിവടങ്ങളിലായി മൂന്ന് പുതിയ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാവും. കൂടാതെ ഖാസെൻ എകണോമിക് സിറ്റിയിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിസിക്സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും. പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ് . ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഭരണനേതൃത്വം നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
നഗരാതിർത്തികളിൽ ജനങ്ങൾക്ക് സുഗമമായ ഗ്ലോബൽ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാനായാണ് പുതിയ സ്റ്റോറുകൾ. ആഗോള ഉത്പന്നങ്ങൾ മികച്ച നിരക്കിൽ വീടിന് തൊട്ടടുത്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മസ്കറ്റിലെയും അൽ ക്വായിലെയും പുതിയ ലുലു സ്റ്റോറുകൾ പ്രദേശത്തെ ജനങ്ങൾക്ക് മികച്ച അനുഭവമാകും. ഗൾഫിലെ ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് എം.എ യൂസഫലി കൂട്ടിചേർത്തു.
ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വീടിനടുത്ത് തന്നെ ലഭ്യമാക്കുകയാണ് ലുലു. നഗരങ്ങളിലേത് പോലെ തന്നെ മികച്ച പാർക്കിങ്ങും ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നഗരാതിർത്തികളിലുള്ള പുതിയ ലുലു സ്റ്റോറുകളും.
ലുലു റീട്ടെയ്ൽ പ്രാരംഭ ഓഹരി വിൽപ്പന തിങ്കളാഴ്ച തുടങ്ങും :
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിന്റെ ഭാഗമായി ലുലു റീട്ടെയ്ലിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തിങ്കളാഴ്ച തുടക്കമാകും.
നവംബർ അഞ്ച് വരെയുള്ള മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതതമാനം ഓഹരികളാണ് (258.2 കോടി ഓഹരികൾ) ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും(ക്യുഐബി), 10 ശതമാനം ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കും, ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളിൽ ഒന്നാണ് ലുലുവിന്റേത്. യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."