നീലേശ്വരം വെടിക്കെട്ടപകടം; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടുമ്പന്ധിച്ച് ഉണ്ടായ വെടിക്കെട്ടപകടത്തിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്. യാതൊരു മുൻകരുതൽ നടപടികളും ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് റവന്യൂ വകുപ്പിന്റേയും പൊലിസിന്റെയും പ്രാഥമിക റിപ്പോർട്ട്.
വെടിമരുന്ന് സൂക്ഷിച്ച ഷെഡിന് മുകളിൽ കൂടി ക്ഷേത്രത്തിന്റെ ബയോഗ്യാസ് പ്ലാന്റിന്റെ പൈപ്പ് കടന്നുപോകുന്നുണ്ട്. തൊട്ടടുത്ത് തന്നെയുള്ള ഒരു ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിരവധി പാചക വാതക സിലിണ്ടറുകളും ഉണ്ടായിരുന്നു.
ഇതിന് തീപിടിച്ചിരുന്നുവെങ്കിൽ സംഭവിക്കുന്ന ദുരന്തത്തിൻ്റെ വ്യാപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 118പേർ മരണപ്പെട്ട പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം കർശന നിയന്ത്രണങ്ങളാണ് വെടിക്കെട്ടിന് ഏർപ്പെടുത്തിയിട്ടുള്ളത്.
വെടിക്കെട്ട് നടത്താൻ കലക്ടർക്കോഎ.ഡി.എമ്മിനോ അപേക്ഷ നൽകണം. എന്നാൽ ഇവിടെ അതുണ്ടായില്ല. ക്ഷേത്രത്തിന് ഏകദേശം 500മീറ്റർ മാത്രം അകലത്തിലാണ് നീലേശ്വരം പൊലിസ് സ്റ്റേഷൻ എന്നാൽ അവിടെ പോലും വിവരം അറിയിച്ചില്ല. വെടിക്കെട്ട് നടത്തുമ്പോൾ അഗ്നി രക്ഷാസേന, ആംബുലൻസ് എന്നീ സൗകര്യങ്ങളും തീകെടുത്താനുള്ള വെള്ളവും കരുതിവെക്കണം.
അതും ഉണ്ടായില്ല. പടക്കം സൂക്ഷിച്ച ഷെഡും പൊട്ടിക്കുന്ന സ്ഥലവും തമ്മിലുണ്ടാകേണ്ട അകലവും പാലിച്ചില്ലെന്ന് മാത്രമല്ല 200 മീറ്റർ ദൂരേയ്ക്ക് ജനങ്ങളെ മാറ്റി നിർത്തണമെന്ന നിർദേശവും കാറ്റിൽപറത്തി. ഇത്തരം നടപടികൾ കർശനമാക്കണമെന്ന് പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനു ശേഷം പൊലിസ് റവന്യൂ വിഭാഗങ്ങൾക്ക് കർശന നിർശം നൽകിയിരുന്നു. പടക്കപ്പുരയുടെ തെയ്യം അരങ്ങത്ത് വന്നപ്പോൾ മാലപ്പടക്കത്തിന് തീ കൊളുത്തിയതാണ് അപകട കാരണം. ഇതിൽ നിന്നും തീപ്പൊരി പടക്കം സൂക്ഷിച്ച ഷെഡിലേക്ക് പതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."