ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്ക് രാത്രിയ യാത്രകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ഗ്രീന്‍പീസ് ഇന്ത്യയുടെ 'റൈഡിങ് ദ് ജസ്റ്റിസ് റൂട്ട്' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ ബസുകളില്‍ ഇരുട്ടു വീണാല്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 77 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ ബസുകളില്‍ നിരവധി സ്ത്രീകള്‍ അധിക്ഷേപത്തിനിരയാക്കപ്പെട്ടതായി ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ഡല്‍ഹി സര്‍ക്കാറിന്റെ 'പിങ്ക് ടിക്കറ്റ്' 100 കോടി പിന്നിട്ട വേളയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2019 ഒക്ടോബറില്‍ പദ്ധതി അവതരിപ്പിച്ചതിനു ശേഷം വനിതാ യാത്രികരുടെ എണ്ണം 25 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും യാത്രക്കായി ഉപയോഗിച്ച നിരവധിപേര്‍ ഇപ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കുന്നുണ്ടെന്നും ഇതുവഴി യാത്രാച്ചെലവിനുള്ള പണം വീട്ടാവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി വനിതകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. മാത്രമല്ല പദ്ധതി ഡല്‍ഹിയിലെ മലിനീകരണത്തോത് കുറക്കാനും സഹാകമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുസ്ഥിര വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനുമായി പിങ്ക് ടിക്കറ്റ് പോലുള്ള പദ്ധതികള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. വനിതകള്‍ക്കു പുറമെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ യാത്ര അനുവദിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഡല്‍ഹിയിലെ വനിതാ യാത്രികരുടെ ആശങ്ക പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുഗതാഗത സംവിധനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തവും സര്‍ക്കാറുകള്‍ക്ക് ഉണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."