ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല
ഗസ്സ: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയരുമ്പോഴും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരമേധത്തിന് അറുതിയില്ല. ഗസ്സക്ക് പുറമേ ലബനാന് നേരേയും തുടര്‍ച്ചയായി ശക്തമായ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ് ഇസ്‌റാഈല്‍.
കഴിഞ്ഞ ദിവസം മാത്രം ഗസ്സയില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗസ്സയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തില്‍ 75 പേര്‍ക്കും മറ്റ് പലയിടത്തുമായി 20 പേര്‍ക്കും വ്യാഴാഴ്ച ജീവന്‍ നഷ്ടമായി. ഇതില്‍ 16 പേര്‍ കൊല്ലപ്പെട്ടത് നുസൈറാത്തിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിലാണ്. കമല്‍ അദ്‌വാന്‍ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. നിരവധി ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകര്‍ക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത. അധിനിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്.
തെക്കന്‍ ലബനാനില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ബെറൂതിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍നിന്ന് ആളുകള്‍ മാറിപ്പോകണമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിനില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു. ഗസ്സയില്‍നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് താഹിര്‍ നുനു പറഞ്ഞു. ഏതാനും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കാലാവധിക്ക് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നതിനാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ കാര്യമില്ലെന്നും പൂര്‍ണ യുദ്ധവിരാമമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."