പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം
മഡ്രിഡ്: ഒട്ടേറെ ഗ്രാമങ്ങളേയും പട്ടണങ്ങളേയും മുക്കി സ്‌പെയിനില്‍ മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയം. മിന്നല്‍ പ്രളയത്തില്‍ മരണം 158 ആയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
വലന്‍സിയ, ചിവ മേഖലകളില്‍ പെയ്ത കനത്ത മഴയാണ് മിന്നല്‍ പ്രളയത്തിനിടയാക്കിയത്. ഒരു വര്‍ഷം പെയ്യേണ്ട മഴ എട്ട് മണിക്കൂറു കൊണ്ട് നിര്‍ത്താതെ പെയ്യുകയായിരുന്നു.
കിഴക്കന്‍, തെക്കന്‍ സ്‌പെയിനിലും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലുമാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്.
പ്രളയബാധിത മേഖലകളില്‍ റോഡുകളും പാലങ്ങളും ആശയവിനിമയ സൗകര്യങ്ങളും തകര്‍ന്നു. പല പ്രദേശങ്ങളും പൂര്‍ണമായി മുങ്ങിയനിലയിലാണ്. വൈദ്യുതിയും സംവിധാനങ്ങളടക്കം പ്രവര്‍ത്തനം നിലച്ചതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിക്കിടക്കുന്നു. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മിന്നല്‍ പ്രളയത്തില്‍ ഒഴുകിപ്പോയ മൂറുകണക്കിന് കാറുകളില്‍ നിന്ന് മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തിരുന്നു.
ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് തെരച്ചില്‍ പുരോഗമിക്കുകയാണ്. വലന്‍സിയയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്
വലന്‍സിയയില്‍നിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്‌സലോനയിലേക്കുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കാതിരുന്നത് ആളുകളെ ഒഴിപ്പിക്കുന്നതിന് തിരിച്ചടിയായെന്ന് ആരോപണമുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മെഡിറ്ററേനിയന്‍ കടലില്‍ ചൂടുകൂടുന്നതാണ് പെരുമഴയ്ക്കു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. 1973ലുണ്ടായ പ്രളയമാണ് ഇതിന് മുന്‍പ് സ്‌പെയിനില്‍ ഇത്രത്തോളം നാശം വിതച്ചത്. അന്ന് 150 പേര്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."