'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍
ന്യൂയോര്‍ക്ക്: വടക്കന്‍ ഗസ്സയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതാക്കള്‍.
വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തമാണെന്നു മുന്നറിയിപ്പ് നല്‍കിയ നേതാക്കള്‍ പ്രദേശത്തിനും ജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്‌റാഈല്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ സംരക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങളോടും നേതാക്കള്‍ ആഹ്വാനം ചെയ്തു.
ഒരു മാസമായി ഉപരോധം നേരിടുന്ന വടക്കന്‍ ഗസ്സയിലെ സാഹചര്യം അതീവ ഗുരുതരമാണ്. ജീവന്‍രക്ഷാ വസ്തുക്കളും അടിസ്ഥാന സഹായങ്ങളുമുള്‍പ്പെടെ നിഷേധിക്കപ്പെട്ട പ്രദേശത്ത് ബോംബാക്രമണം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന, യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട്, ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍, ദി വേള്‍ഡ് ഫുഡ് പ്രോഗ്രാം, വിവിധ സഹായ സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടെ 15 യു.എന്‍ ഏജന്‍സികളുടെ തലവന്മാര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) നിരോധിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റ് നടപ്പാക്കിയ ഏറ്റവും പുതിയ നിയമനിര്‍മാണത്തെയും യു.എന്‍ നേതാക്കള്‍ വിമര്‍ശിച്ചു.
നിയമം ഗസ്സയിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയും ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. യു.എന്‍ റിലീഫ് ഏജന്‍സിക്ക് ബദലില്ലെന്ന് ഊന്നിപ്പറഞ്ഞ യു.എന്‍ നേതാക്കള്‍ യുദ്ധ നിയമങ്ങളോട് ഇസ്‌റാഈല്‍ കാണിക്കുന്ന നഗ്‌നമായ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."