യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം
ഇടുക്കി: യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ക്രൂരമായ മർദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തൽ. ഇടുക്കി പള്ളിക്കുന്ന് വുഡ്‌ലാൻ്റ്സ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബുവാണ് ക്രൂര മർദനത്തിൽ കൊല്ലപ്പെട്ടത്. അച്ഛനും ബന്ധുക്കളും അടക്കമുള്ളവരെ പീരുമേട് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകമെന്ന് പൊലിസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധനയിൽ യുവാവ് മരിച്ചതായി കണ്ടെത്തി. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടുവെന്നാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നെത്തിയ പൊലിസിന്റെ നിർദ്ദേശ പ്രകാരം പോസ്റ്റുമോർട്ടം നടത്തി. ഇതിലാണ് തലയ്ക്ക് ശക്തമായി അടിയേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തിയത്. ചവിട്ടേറ്റ് ജനനേന്ദ്രിയവും തകർന്നിട്ടുണ്ടായിരുന്നു.
തുടർന്ന് ജില്ലാ പൊലിസ് മോധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണനുമായി സംസാരിച്ചു. അച്ഛനും,അമ്മാവനും, സഹോദരിയുടെ സുഹൃത്തും അടക്കമുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പോലിസെത്തിയത്. കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിൻ ബാബു ദീപാവലി അവധി പ്രമാണിച്ചാണ് വീട്ടിൽ വന്നത്. സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം. പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കസ്റ്റഡിയിലുള്ളവരുടെ പങ്ക് സ്ഥിരീകരിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. സംഭവം നടന്ന വീട്ടിൽ ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."