വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്
കൊച്ചി: 1950ല്‍ കോഴിക്കോട് ഫറൂഖ് കോളജിന് ആധാരം ചെയ്ത് നല്‍കിയത് മുതല്‍ മുനമ്പത്തെ 404 ഏക്കര്‍ സ്ഥലം വഖ്ഫ് ഭൂമി തന്നെയാണെന്നും എന്നാല്‍ ഇത് വഖ്ഫ് ഭൂമിയേ അല്ലെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. അടിസ്ഥാന പരമായി വഖ്ഫ് പ്രമാണമുള്ള വഖ്ഫ് സ്വത്തുക്കളെയും വഖ്ഫായി അനുവദിച്ചു നൽകില്ലെന്ന പിടിവാശി അന്യന്റെ അവകാശങ്ങൾ കവർന്നെടുക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുനമ്പത്തെ ഭൂമി 2019ല്‍ മാത്രമാണ് വഖ്ഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയുള്ളൂവെന്ന കാരണമാണ് ഇതിനായി ഉന്നയിക്കുന്നത്. വഖ്ഫ് ആധാരം ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയോ ഇല്ലയോ എന്നത് സാങ്കേതികത്വം മാത്രമാണ്. ഭൂമിയെ സംബന്ധിച്ച് ആധാരത്തില്‍ എന്താണോ എഴുതിയിരിക്കുന്നത് അതാണ് ആ വസ്തുവിന്റെ ഉടമസ്ഥാവകാശം രാജ്യത്ത് നിര്‍ണയിക്കുന്നത്. അതിനാലാണ് 1962 മുതല്‍ പറവൂര്‍ കോടതിയില്‍ നിന്നടക്കമുള്ള വ്യവഹാരങ്ങളില്‍ മുനമ്പത്തെ പ്രസ്തുത സ്ഥലം വഖ്ഫ് ഭൂമിയാണെന്ന് കണ്ടെത്തിയത്.
വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന വഖ്ഫ് ആധാരങ്ങള്‍ പിന്നീട് രജിസ്റ്റര്‍ ചെയ്യുക വഴി ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററില്‍ വര്‍ധിത ഭൂമിയായി കാണിക്കുന്നതും സംഘ്പരിവാര്‍ അടിസ്ഥാനരഹിതമായി ഇതിനെതിരേ രംഗത്ത് വരുന്നതും ഈ വസ്തുത മറച്ചുപിടിച്ചു കൊണ്ടാണ്. വസ്തുത ഇതാണെന്നിരിക്കെ വഖ്ഫ് ആധാരമെന്ന് 1950ല്‍ എഴുതിയിരിക്കുന്ന മുനമ്പത്തെ ഭൂമിയെക്കുറിച്ച് വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുന്നത് സംഘ്പരിവാര്‍-കാസ തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ മാത്രമല്ല ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന വഖ്ഫ് ഭേദഗതി നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കൂടിയാണെന്നതാണ് കൗതുകം.
വഖ്ഫ് ഭൂമി വില്‍ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നിരിക്കെ 33 ലക്ഷം രൂപ ഈടാക്കി ഫറൂഖ് കോളജ് അധികൃതരും കെയര്‍ടേക്കര്‍മാരും അനധികൃതമായി മുനമ്പത്ത് താമസിക്കുന്നവരുടെ മുന്‍ഗാമികള്‍ക്ക് ഈ ഭൂമി ആധാരം ചെയ്തു നല്‍കിയെങ്കില്‍ ഇവരെ കുടിയിറക്കരുതെന്നും ഇവര്‍ക്ക് നീതി ഉറപ്പാക്കണമെന്നുമുള്ള കാര്യത്തില്‍ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം വിഭാഗങ്ങളും സംഘടനകളും ഒറ്റക്കെട്ടാണ്.
എന്നാല്‍, അഞ്ച് സെന്റ് ആധാരം കൈവശമുള്ളവര്‍ അന്‍പതും അതിലധികവും കൈയടക്കി വയ്ക്കുകയും വന്‍കിട റിസോര്‍ട്ട് മാഫിയകളടക്കം സാധാരണക്കാരായ ഇവിടത്തെ ജനങ്ങളുടെ മുനഷ്യാവകാശത്തെ മറയാക്കി വഖ്ഫ് ഭൂമി കൈയടക്കി വച്ചിരിക്കുന്നതും എങ്ങനെ ന്യായീകരിക്കാനാവും എന്നതാണ് ഉയരുന്ന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."