സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം
കൊച്ചി: ജന്മനാട്ടിലേക്ക് തിരികെ പോകാനായില്ലെങ്കിലും സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ അന്ത്യവിശ്രമം കൊണ്ട് പിപി മുഹമ്മദ് ഇബ്രാഹിം. എറണാകുളത്തെ സെൻട്രൽ ജുമാ മസ്ജിദില്‍ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കബറടക്കിയത്. പിതാവ് പി മുഹമ്മദ് സനീറും മാതാവ് മുംതാസും ബന്ധുക്കളും സംസ്കാര ചടങ്ങിനായി എറണാകുളത്ത് എത്തിയിരുന്നു.
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് പേരിൽ ആദ്യം സംസ്കരിച്ചതും മുഹമ്മദ് ഇബ്രാഹിമിനെയാണ്. കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്നു മുഹമ്മദ് ഇബ്രാഹിം. സഹോദരൻ മുഹമ്മദ് അഷ്ഫാക് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാൻ ഏറെ മിടുക്കനുമായിരുന്ന മുഹമ്മദ് ഇബ്രാഹിം 98 ശതമാനം മാർക്കോടെയാണ് പ്ലസ്ടു പാസായത്. ആദ്യ ശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്ക് നേടി എംബിബിഎസിന് പ്രവേശനം നേടിയെടുക്കുകയും ചെയ്തു.
ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം സെൻട്രൽ ജുമാ മസ്ജിദിൽ എത്തിച്ചത്. തുടർന്ന് മയ്യത്തു നിസ്കാരം നടത്തിയ ശേഷം ബന്ധുമിത്രാദികൾ ആദരാഞ്ജലികളർപ്പിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ലക്ഷദ്വീപ് മുന്‍ എംപി പിപി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ കബറടക്ക ചടങ്ങുകളിൽ എത്തിചേർന്നിരുന്നു.
ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തിൽ മരിച്ച അഞ്ച് പേരും. ഒന്നരമാസം മുന്‍പാണ് ദേവനന്ദന്‍, ശ്രീദേവ് വല്‍സന്‍, ആയുഷ് ഷാജി, പിപി മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചേർന്നത്. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. പതിനൊന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."