പതിറ്റാണ്ടിന്റെ സേവനത്തിനൊടുവില്‍ ഹജ്ജ് ക്യാംപിന്റെ സ്വന്തം മുഹമ്മദ് ഹറമിലെത്തി
നെടുമ്പാശ്ശേരി: സേവകനായി എത്തിയ മുഹമ്മദ് ഒടുവില്‍ തീര്‍ഥാടകനായി പുണ്യഭൂമിയിലെത്തി. ഹജ്ജിന് സമര്‍പ്പിത മനസുമായി യാത്രയാകുന്ന തീര്‍ഥാടകരെയും പാപമുക്തി നേടി മടങ്ങിയെത്തുന്നവരെയും മണ്ണാര്‍ക്കാട് അരിയൂര്‍ വട്ടപ്പറമ്പില്‍ മുഹമ്മദ് കാണാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഹജ്ജ് വിദൂര സ്വപ്നമായിരുന്നു. എങ്കിലും നിരന്തരമായ പ്രാര്‍ഥനയായിരുന്നു മുഹമ്മദിന്.
ഹജ്ജിന് പോകാന്‍ കഴിഞ്ഞില്ലെങ്കിലും തീര്‍ഥാടകര്‍ക്കുവേണ്ടി സേവനം ചെയ്തു അല്ലാഹുവിന്റെ പ്രീതി തേടാമെന്ന കരുതലോടെയാണ് 2006ല്‍ കരിപ്പൂര്‍ ഹജ്ജ് ക്യാംപില്‍ എത്തുന്നത്. ക്യാംപ് നല്‍കിയ സന്തോഷവും സംതൃപ്തിയും മുഹമ്മദിനെ കര്‍മനിരതനായ വളണ്ടിയറാക്കി മാറ്റി. ഓരോ ക്യാംപും ഹജ്ജിനോടുള്ള അടങ്ങാത്ത ആവേശം സൃഷ്ടിച്ചു. ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ച് ആഗ്രഹസാഫല്യത്തിനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ഹജ്ജ് ക്യാംപില്‍ പൂര്‍ണസമയ വളണ്ടിയറായി. നാലു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ഇത്തവണ റിസര്‍വേഷന്‍ കാറ്റഗറിയിലാണ് അവസരം ലഭിച്ചത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് മുഹമ്മദിന് നല്‍കിയത്. 350ഓളം ഹജ്ജ് ക്യാംപ് വളണ്ടിയര്‍മാരുടെ പ്രതിനിധി കൂടിയായാണ് ക്യാംപിന്റെ സ്വന്തം മുഹമ്മദ് വിശുദ്ധ ഭൂമിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."