45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു
തൊടുപുഴ: നാല്‍പ്പത്തിയഞ്ച് ജീവന്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തം സംബന്ധിച്ച കേസിന്റെ വിചാരണ 15 വര്‍ഷത്തിന് ശേഷം തുടങ്ങുന്നു. 2009 സെപ്റ്റംബര്‍ 30നാണ് കെ.ടി.ഡി.സിയുടെ ജലകന്യക ബോട്ട് തേക്കടി തടാകത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചത്. നാളെ തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. സീതയുടെ കോടതിയിലാണ് വിസ്താരം ആരംഭിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ റഹിം ആണ് ഹാജരാകുന്നത്.
ദുരന്തകാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനായും കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി പി.എ വല്‍സന്റെ നേതൃത്വത്തിലുള്ള സംഘത്തെ പൊലിസ് അന്വേഷണത്തിനായും നിയോഗിച്ചു. മൈതീന്‍കുഞ്ഞ് കമ്മിഷന്‍ 2011 ഓഗസ്റ്റ് 25ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാങ്കേതിക തകരാറുള്ള ബോട്ടില്‍ കൂടുതല്‍ പേരെ കയറ്റിയതും അശ്രദ്ധമായി ബോട്ട് ഓടിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെ.ടി.ഡി.സിയിലെ സൂപ്രവൈസറും ഡ്രൈവര്‍മാരും സഹായികളും ഉള്‍പ്പടെയുള്ള ജീവനക്കാര്‍ പണം വാങ്ങി കൂടുതല്‍ പേരെ ബോട്ടുകളില്‍ കയറ്റുകയും ഇങ്ങനെ ലഭിക്കുന്ന പണം വീതം വയ്ക്കുകയാണ് പതിവെന്നും ഇതിന് മേലുദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കുറ്റകൃത്യങ്ങള്‍ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി ഇത് വേര്‍തിരിച്ച് രണ്ട് തരത്തില്‍ കുറ്റപത്രം നല്‍കാന്‍ 2014 ഡിസംബര്‍ 24ന് കോടതി ഉത്തരവിട്ടു. കെ.ടി.ഡി.സിയുടെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതും കോടതി നിരീക്ഷിച്ചു. പിന്നീട് അഞ്ച് വര്‍ഷത്തോളം ഫയലില്‍ ഉറങ്ങിയ കേസിന്റെ തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തില്‍ 2019ല്‍ പൂര്‍ത്തിയാക്കി. ബോട്ട് നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു ജുഡീഷ്യല്‍ കമ്മിഷന്റെ പ്രധാന കണ്ടെത്തലുകള്‍. കൂടാതെ പണിപൂര്‍ത്തിയാക്കി തേക്കടിയിലെത്തിച്ച ബോട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെങ്കിലും ഇന്‍ക്ലൈനിങ് ടെസ്റ്റ് നടത്താതെയുമാണ് നീറ്റിലിറക്കിയതെന്നും ബോട്ടിന്റെ മുകള്‍ നിലയില്‍ ആളുകളെ പരിധിയില്‍ കൂടുതല്‍ കയറ്റിയതും യാത്രക്കാര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതായും 235 പേജ് വരുന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാര്‍ റിപ്പോര്‍ട്ടിന്മേല്‍ ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
കുമളി പൊലിസ് സ്റ്റേഷന്‍ ക്രൈം 395/2009 നമ്പരായി രജിസ്ട്രര്‍ ചെയ്ത് കോട്ടയം സി.ബി.സി.ഐ.ഡി ജില്ലാ സൂപ്രണ്ടായിരുന്ന കെ.എം ബാബു മാത്യു അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ എ - ചാര്‍ജ്, ബി - ചാര്‍ജ് എന്നിവ ഹാജരാക്കിയിട്ടുള്ളതാണ്. കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. മരണപ്പെട്ടവരില്‍ തമിഴ്നാട്, ബാംഗ്ലൂരു, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, മുംബൈ, ഹരിയാന, ന്യൂഡല്‍ഹി, കൊല്‍ക്കത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ 7നും 14നും ഇടയിലുള്ള 13 കുട്ടികളും ബാക്കിയുള്ളവര്‍ 50 വയസിന് താഴെയുള്ളവരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."