മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി ആശ്വാസം സര്‍ക്കാരിനോ വായ്പ്പക്കാര്‍ക്കോ..?
മീനങ്ങാടി: എങ്ങനെയാ ഞങ്ങളീ തുക അടക്കുക, ഞങ്ങളുടെ ദുഃഖം സര്‍ക്കാറിനറിയുമോ, രോഗബാധിതനായി മരിച്ച മുരണി മേപ്പങ്ങാട്ട് ബലരാമന്റെ ഭാര്യ ഭാരതി നിറകണ്ണുകളോടെ ചോദിക്കുന്നു. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും ഭവന നിര്‍മാണത്തിന് ഭര്‍ത്താവ് ബലരാമന്‍ അന്‍പത്തിഅയ്യായിരം രൂപയാണ് വായ്പ്പയെടുത്തത്. വായ്പ്പ തവണകളായി അടച്ചുകൊണ്ടിരിക്കെ ബലരാമന് കാന്‍സര്‍ ബാധിക്കുകയും ചികിത്സക്കൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിന് മരിക്കുകയും ചെയ്തു. ചികിത്സക്കും മറ്റുമായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് വായ്പ്പ തിരിച്ചടക്കാന്‍ സാധിച്ചില്ല. ഓട്ടോ ഡ്രൈവറായ മകന്റെ വരുമാനം ഒന്ന് മാത്രമാണ് അഞ്ചു പേരടങ്ങുന്ന തന്റെ കുടുംബത്തിന്റെ ഏക ആശ്രയം. മുഖ്യ മന്ത്രിയുടെ കടാശ്വാസ പദ്ധതി പ്രകാരം ഇപ്പോള്‍ പലിശയും കൂട്ടു പലിശയും പിഴയും ചേര്‍ത്ത് ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം രൂപയാണ് അടക്കേണ്ടത്. ആകെയുള്ള അര ഏക്കര്‍ പുരയിടത്തില്‍ നിന്നും കാര്യമായ വരുമാനമൊന്നുമില്ലെന്നിരിക്കെ വായ്പ എങ്ങനെ തിരിച്ചടക്കുമെന്നാണ് ഭാരതി ചോദിക്കുന്നത്. ഇതുപോലെ നിരാലംബരായ നിരവധി ആളുകളാണ് ഭവനവായ്പ്പ എടുത്ത് പലിശയും കൂട്ടുപലിശയും കൂടി ലക്ഷങ്ങള്‍ വായ്പ്പാ ഇനത്തില്‍ അടക്കാനുള്ളത്.
കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ്, പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, റവന്യൂ വകുപ്പ്, വനിതാവികസന കോര്‍പ്പറേഷന്‍, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ലോണെടുത്തവരെ മുഖ്യ മന്ത്രിയുടെ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് അഞ്ചുലക്ഷം രൂപ വരെ ലോണെടുത്ത് ജപ്തി ഭീഷണി നേരിടുന്ന സാമ്പത്തിക പ്രയാസം മൂലം തിരിച്ചടവ് മുടങ്ങിയ പിന്നോക്കാവസ്ഥക്കാരെയാണ് വായ്പ തിരിച്ചടക്കുന്നതിനായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ധനകാര്യ രഹസ്യവിഭാഗം അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ചീരാംകുന്ന് ചെറുതോട്ടില്‍ ചാക്കോച്ചന്‍ ഉള്ള ഒന്‍പതര സെന്റ് സ്ഥലം ഭവന നിര്‍മാണ ബോര്‍ഡില്‍ ഈടുവച്ചാണ് ഒരു ലക്ഷം രൂപ ലോണെടുത്തത്. ഇതില്‍ 12000 രൂപ ടാക്‌സ് ഇനത്തില്‍ കഴിച്ച് 88,000മാണ് മുതല്‍ കൈയില്‍കിട്ടിയത്. 23,000 രൂപ ഇതുവരെ അടച്ച ചാക്കോച്ചന് ഭാര്യയുടെ അസുഖവും എണ്‍പതു ശതമാനം വികലാംഗയായ ഭാര്യാസഹോദരിയുടെ തുടര്‍ ചികിത്സയും വായ്പ തിരിച്ചടവ് മുടക്കി. ചാക്കോച്ചന്‍ അടക്കാനുള്ളത് ഭീമമമായ ഒരു തുകയാണ്. ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ ഫെബ്രുവരി വരെ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് അടക്കാനുള്ളത്. ഇതുവരെയുള്ള കണക്ക് വേറെ. മുതലും പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഒന്നരയിരട്ടിയെങ്കിലും തിരിച്ചടച്ചിട്ടുള്ളവര്‍ക്കാണ് മുതലിന്റെ രണ്ടിരട്ടി എത്തുന്നതുവരെയുള്ള കുടിശിക പലിശയും പിഴപ്പലിശയും ഒഴിവാക്കി 24 ഗഡുക്കളാക്കി അടക്കുന്നതിനാണ് ഉത്തരവ് വന്നിരിക്കുന്നത്. ഗഡുക്കള്‍ അടക്കുന്നതില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം വീഴ്ചവരുത്തിയാല്‍ ഉള്ള ആനുകൂല്യവും നഷ്ട്ടമാകും.
ഈ ഒരു പദ്ധതികൊണ്ട് ഒരു ഗുണവും തങ്ങള്‍ക്കില്ല. ഇത് സര്‍ക്കാരിന്റെ അടവ് നയം മാത്രമാണെന്ന് മുരണി കൊട്ടമ്പത്ത് വാസു ചെട്ടിയാര്‍ പറയുന്നു. 55,000 ലോണെടുത്ത വാസു ചെട്ടിയാര്‍ ഒന്‍പതു മാസം മുമ്പ് വന്ന നോട്ടീസ് പ്രകാരം അടക്കാനുള്ളത് മൂന്ന് ലക്ഷത്തി നാല്‍പത്തിയെട്ടായിരത്തി മുന്നൂറ്റിയമ്പത് രൂപയാണ്.
75,000 രൂപ വായ്പ്പയെടുത്ത അത്തിച്ചാല്‍ പൂളപ്പുര ഗോപി, 35,000 വായ്പ്പയെടുത്ത കാരച്ചാല്‍ അയിലമൂല കേശവന്‍, ഈ പട്ടിക നീളുകയാണ്. വായ്പയെടുത്ത ചെറിയ തുക വര്‍ധിച്ച് ലക്ഷങ്ങള്‍ തിരിച്ചടക്കുന്നതിനുള്ള മാര്‍ഗമില്ലാതെ ഉള്ള പുരയിടവും നഷ്ട്‌പ്പെടുന്ന അവസ്ഥയിലാണ് വായ്പ്പയെടുത്തവരിലധികവും. ഈ കടാശ്വാസ പദ്ധതി ഖജനാവ് നിറക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നും ഇത് കൊണ്ട് വായ്പ്പയെടുത്തവര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."