കുട്ടികളുടെ ആരോഗ്യം ഹോമിയോപ്പതി പദ്ധതിയുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണം സജീവമാകുന്നു
കൊടുമ്പ്: കുട്ടികളുടെ ആരോഗ്യം ഹോമിയോപ്പതിയിലൂടെ എന്ന ലക്ഷ്യത്തി നായി ഹെല്‍ത്ത് കാര്‍ഡ് വിതരണം വണ്ണാമട ഭഗവതി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കുട്ടികളുടെ ഭൗതികവും മാനസികവും ശാരീരിക വികസനവും ഹോമിയോപ്പതിയിലൂടെ എന്ന ലക്ഷ്യത്തോടെ ദേശീയ ആയുഷ് മിഷനും ജില്ലാ ഹോമിയോപ്പതി വകുപ്പും ചേര്‍ന്നാണ് ചിറ്റൂര്‍ ബ്ലോക്കില്‍ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിച്ചത്.
കുട്ടികളിലെ ശാരീരിക വിഷമതകള്‍, പഠനവൈകല്യങ്ങള്‍, മറ്റു കാരണങ്ങള്‍കൊണ്ടുള്ള പഠനത്തിലെ പിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതിനും അതിനുള്ള പിന്തുണ തുടര്‍ന്നും നല്‍കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ കൗമാരപ്രായക്കാരിലുണ്ടാവുന്ന വിളര്‍ച്ചയും മറ്റ് അസുഖങ്ങളും കണ്ടെത്തുന്നതിനും രക്തപരിശോധനയും ക്ലിനിക്കല്‍ എക്‌സാമിനേഷനും നടത്തി അധ്യാപകരുടെ സഹായത്തോടെ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു.
ഓരോ കുട്ടിക്കും അവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തുന്നതിനായി ഓരോ ഹെല്‍ത്ത് കാര്‍ഡും വിതരണം ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ ഒരു സംഘം ഡോക്ടര്‍മാരുട നേതൃത്വത്തില്‍ രക്തപരിശോധനയും മറ്റും നടത്തി ഇവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തുന്നു. കൗമാരപ്രായക്കാരില്‍ കൂടുതലായും കണ്ടുവരുന്ന മാനസിക പെരുമാറ്റ വൈകല്യങ്ങള്‍ കണ്ടെത്തി അവര്‍ക്കുവേണ്ട ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കൗണ്‍സലിങ്ങും മരുന്നും സ്‌പെഷ്യല്‍ എജുക്കേഷന്‍ അധ്യാപകരുടെ സേവനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കു നല്‍കുന്നുണ്ട്.
കാഴ്ച, കേള്‍വി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് അതാത് വകുപ്പുകളിലുള്ള വിദഗ്ധരുടെ സേവനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
പോഷകാഹാരത്തിന്റെ ആവശ്യകതയും ശുചിത്വം സംബന്ധിച്ച ബോധവത്കരണവും ആരോഗ്യപരമായ ജീവിതശൈലി പിന്തുടുരുന്നതിനെക്കുറിച്ചും നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളുടെ ലഭ്യതയും അവയുടെ ഉപയോഗവും സംബന്ധിച്ച അറിവുകള്‍ കുട്ടികളിലെത്തിക്കുന്നതിനായി വിദഗ്ധരുടെ ക്ലാസുകളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
പരിപാടിയുടെ പ്രവര്‍ത്തനോദ്ഘാടനം വണ്ണാമട ഭഗവതി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
ഡോ.വിനയകുമാര്‍, ഡോ.ലീനാറാണി, കെ ഹരിദാസ്, ജയ സുരേഷ്, പി പൊന്‍രാജ്, എ.കെ.ബബിത, കുളന്തൈ തെരസ്, പി. ശാര്‍ങധരന്‍, ജയന്തി, മാരിമുത്തു, തങ്കമണി, വി മുരുകദാസ്, സരസ്വതി, ഗീതാരാജു, വിജയകുമാരി, ശിവകാമി, അനന്തന്‍, കെ.എം. നിഷ, രാമരാജ്, കെ.വി ബാലഗണപതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."