യുവതിയെ വെട്ടിപരിക്കേൽപ്പിച്ച് ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. യുവതിയുടെ മുൻ സുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു എന്ന് വിളിക്കുന്ന വിപിനാണ് അറസ്റ്റിലായത്. വെൺപകൽ സ്വദേശി സൂര്യ ഗായത്രിക്കാണ് ആക്രണത്തിൽ ഗുരുതര പരിക്കേറ്റത്. സൂര്യയെ തോർത്തു കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ബൈക്കിൽ നെയ്യാറ്റിന്‍കര ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ വൈകിട്ടോടെയാണ് പൊലീസ് പിടികൂടുന്നത്. ഗുരുതരമായി പരിക്കേറ്റ സൂര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ഉച്ചയോടെയാണ് വീടിന്‍റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ രക്തം വാര്‍ന്നൊലിച്ച സൂര്യയുമായി പ്രതി ബൈക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആശുപത്രി കവാടത്തിന് മുന്നിൽ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സൂര്യയെ എടുത്തുകൊണ്ടു പോയി ആശുപത്രിയിൽ ഉപേക്ഷിച്ചശേഷം സച്ചു കടന്നു കളയുകയായിരുന്നു.
സൂര്യയെ പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. സച്ചു സൂര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സൂര്യ തനിക്കൊപ്പം വരണമെന്ന് രണ്ടാഴ്ച മുമ്പ് സച്ചു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സൂര്യ തയ്യാറായില്ല. പിന്നാല പ്രതി സൂര്യയുടെ വീട്ടിലെത്തി ആത്മഹത്യ ശ്രമം നടത്തി. വീട്ടുകാര്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.അതിനെ തുടർന്നുള്ള പകയാണ് പ്രതിയുടെ ഈ വധശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."