ഓര്‍ക്കുക.., മതം മറയാക്കിയ തീക്കളി അത്യാപത്താണ്
ബാലഗോകുലത്തിന്റെ ബാനറില്‍ സംഘ്പരിവാര്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ നടത്തുന്ന ശോഭായാത്രയെ അനുകരിച്ച് സി.പി.എം ഘോഷയാത്ര നടത്തിയിരുന്നല്ലോ. ഇതുമായി ബന്ധപ്പെട്ട് 'വീണ്ടുവിചാര'ത്തില്‍ എഴുതിയ കുറിപ്പുവായിച്ച് ഒരു സി.പി.എം പ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം ഫോണില്‍ വിളിച്ചു.
''ഞങ്ങള്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കരുതെന്നാണോ നിങ്ങളുടെ അഭിപ്രായം.'' മുഖവുര കൂടാതെ അദ്ദേഹം ചോദിച്ചു. ''സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയുംപോലുള്ള മതേതരപാര്‍ട്ടികള്‍ മതപരിപാടികള്‍ നടത്തി മത്സരിക്കരുതെന്നുതന്നെയാണ് എന്റെ അഭിപ്രായം.''
''എന്തുകൊണ്ട്. കാരണം പറയണം.'' അദ്ദേഹത്തിന്റെ കര്‍ക്കശമായ പ്രതികരണം. ''സംഘ്പരിവാറിന്റെ ലക്ഷ്യം മതവിശ്വാസത്തെ കൂട്ടുപിടിച്ചു രാഷ്ട്രീയശക്തി വളര്‍ത്തുകയെന്നതാണ്. എന്തൊക്കെ മതേതര അവകാശവാദം പറഞ്ഞാലും ബി.ജെ.പി മതാധിഷ്ഠിതപാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയുംപോലുള്ള മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അതേമാര്‍ഗം പിന്തുടര്‍ന്നാല്‍ ഈ നാട്ടിലെ സ്ഥിതിയെന്താകും.''
''ഞങ്ങളുടെ പ്രവര്‍ത്തകരില്‍ മിക്കവരും മതവിശ്വാസികളാണെന്ന് അറിയാമോ. മതപരമായ ആചാരങ്ങളും ആഘോഷങ്ങളും ബി.ജെ.പിക്കാര്‍ നടത്തിയാല്‍ തെറ്റില്ലെന്നും ഞങ്ങള്‍ നടത്താന്‍ പാടില്ലെന്നും പറഞ്ഞാല്‍ മിണ്ടാതെ കേട്ടിരിക്കണമെന്നാണോ. '' അദ്ദേഹം ചോദിച്ചു.
''മതവിശ്വാസം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും അവകാശമല്ല. അതു വ്യക്തികളുടെ അവകാശമാണ്. വ്യക്തികളുടെ അവകാശം ഏതു രാഷ്ട്രീയപ്പാര്‍ട്ടി കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാലും തെറ്റാണ്. സംഘ്പരിവാറിനെപ്പോലുള്ള സംഘടനകള്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരേ പ്രതികരിക്കേണ്ട മതേതരസംഘടനകള്‍ അതേമാര്‍ഗം സ്വീകരിക്കുന്നതു നാണക്കേടാണെന്നാണു പറഞ്ഞത്.'' എന്റെ വാക്കുകള്‍ അദ്ദേഹത്തിനു ബോധിച്ചോ എന്നറിയില്ല.
ഏതായാലും ഒരുകാര്യം വ്യക്തം. ഇവിടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട രാഷ്ട്രീയക്കാര്‍ മതചടങ്ങുകള്‍ ആഘോഷിക്കാന്‍ നടത്തുന്ന മത്സരം കാണുമ്പോള്‍ വരാന്‍പോകുന്ന അതിഭീകരമായ മാനസികവിഭജനത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ആര്‍ക്കും ബോധ്യംവന്നില്ലെന്ന കാര്യം ഉറപ്പ്. ഇതേ രീതിയിലാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ കൈയൂക്കു കൂടുതലുള്ള രാഷ്ട്രീയക്കാര്‍ ഓരോ മതത്തെയും സ്വന്തമാക്കും. ഇന്ന മതത്തില്‍പ്പെട്ടവര്‍ ഇന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വോട്ടുചെയ്യണമെന്ന സുഗ്രീവാജ്ഞ പുറപ്പെടുവിക്കും. മതത്തിലുള്ള ആധിപത്യം സ്ഥാപിക്കാന്‍ കൊന്നും കൊല്ലപ്പെട്ടും ചോരച്ചാലുകള്‍ തീര്‍ക്കും.
കഴിഞ്ഞദിവസം വായിച്ച ഒരു വാര്‍ത്ത ആ ഭീകരാവസ്ഥയിലേയ്ക്കാണു വിരല്‍ചൂണ്ടുന്നത്. 'ഗണേശോത്സവം: കണ്ണൂരില്‍ സ്ഥിതി സ്‌ഫോടനാത്മകമെന്നു റിപ്പോര്‍ട്ട് ' എന്നാണു വാര്‍ത്തയുടെ തലക്കെട്ട്. സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെ സംഘ്പരിവാര്‍ ഗണേശവിഗ്രഹംവച്ചു പൂജിക്കുന്നുണ്ടെന്നും ഈ സ്ഥലങ്ങളിലെല്ലാം അവരുടെ നേതാക്കള്‍ തീപ്പൊരിപ്രസംഗങ്ങള്‍ നടത്തുന്നുണ്ടെന്നും അങ്ങേയറ്റത്തെ സംഘര്‍ഷാവസ്ഥയാണു നിലനില്‍ക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.
ഇതിനുള്ള കാരണവും വാര്‍ത്തയിലുണ്ട്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ശ്രീകൃഷ്ണജയന്തിനാളില്‍ സി.പി.എം നടത്തിയ ഘോഷയാത്രകളാണു സംഘ്പരിവാറിനെ പ്രകോപിച്ചിരിക്കുന്നത്. പ്രകോപനമെന്നല്ല, രാഷ്ട്രീയമുതലെടുപ്പിനുള്ള ഗംഭീരമായ അവസരം കൈവന്നതിലുള്ള ആവേശമെന്നാണു പറയേണ്ടത്. അവര്‍ക്കു വീണുകിട്ടിയ വടിയാണത്. കഴിഞ്ഞവര്‍ഷം കണ്ണൂരിലൊരിടത്തു ശ്രീനാരായണഗുരുവിനെ കുരിശേറ്റുന്ന ടാബ്ലോ സി.പി.എം അവതരിപ്പിച്ചത് ആയുധമാക്കി ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ പരമാവധി മുതലെടുപ്പു നടത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞു.
സാമുദായികശക്തികള്‍ ഗുരുവിനെ എത്രയോ കാലമായി കുരിശേറ്റുകയാണെന്ന യാഥാര്‍ഥ്യം സ്വന്തം അണികളെപ്പോലും പറഞ്ഞുബോധിപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ക്കു കഴിഞ്ഞതുമില്ല. പകരം, അവര്‍ മാപ്പുപറയുന്ന രീതിയില്‍ സംസാരിക്കുകയാണു ചെയ്തത്.
ഇത്തവണയും അതുതന്നെ സംഭവിച്ചു. ബക്കളത്തു സി.പി.എം നടത്തിയ ഘോഷയാത്രയില്‍ ക്ഷേത്രാചാരമായ തിടമ്പുനൃത്തം അവതരിപ്പിച്ചതിനെ ഹൈന്ദവവിശ്വാസത്തിനെതിരായ പരസ്യമായ കടന്നാക്രമണമായി ചിത്രീകരിച്ചുകൊണ്ടാണു ഗണേശോത്സവ പ്രസംഗങ്ങളെല്ലാം നടക്കുന്നത്. ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കോളജുകളില്‍ പടയണി അവതരിപ്പിക്കാനുള്ള എസ്.എഫ്.ഐ തീരുമാനത്തെയും വിവാദമാക്കി എതിരാളികള്‍ തടഞ്ഞിരിക്കുകയാണ്. പല കോളജുകളും പടയണി അവതരണത്തിന് അനുമതി നിഷേധിച്ചുകഴിഞ്ഞു.
ക്ഷേത്രഭൂമികളില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീലനം അനുവദിക്കില്ലെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞതും എതിരാളികള്‍ രാഷ്ട്രീയമുതലെടുപ്പിനുള്ള ആയുധമാക്കി. ക്ഷേത്രഭൂമികളില്‍ ആര്‍.എസ്.എസിന്റെ കായികപരിശീലനം ശക്തമാക്കുമെന്നാണു ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. ഇരുപക്ഷവും വാശികാണിച്ചാല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെടും.
ചോരചിന്തലുണ്ടായേക്കാം. നിശ്ചലമാക്കപ്പെടുന്ന ജീവിതങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആരു മുന്നില്‍നിന്നാലും ഇതുമൂലമുണ്ടാകുന്ന രാഷ്ട്രീയനേട്ടം സി.പി.എമ്മിനാവില്ലെന്നു തീര്‍ച്ച.
ഇനി ഇതിന്റെയെല്ലാം യുക്തിയും ശരിതെറ്റുകളും നിഷ്പക്ഷമായി പരിശോധിക്കാം. ക്ഷേത്രഭൂമിയില്‍ എന്തു നടത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം വിശ്വാസികള്‍ക്കാണ്. ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവുമല്ലാത്തതാവണമെന്നു മാത്രം. മുസ്‌ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരവും അവകാശവും അതതു മതവിശ്വാസികളുടേതാണ്. പക്ഷേ, വിശ്വാസി എന്നതിനര്‍ഥം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയിലെ വിശ്വാസി എന്നല്ല.
രാഷ്ട്രീയവും മതവിശ്വാസവും പരസ്പരബന്ധിതമല്ലാത്ത തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.
ഏതെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തില്‍പ്പെട്ടവര്‍ മാത്രമേ ഇന്ന മതത്തില്‍ പാടുള്ളൂവെന്നും അവര്‍ക്കുമാത്രമേ ആ മതവുമായി ബന്ധപ്പെട്ട ആരാധനാലയത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യമുള്ളൂവെന്നും ശഠിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പുചെയ്യല്‍ തന്നെയാണ്. 'മുസ്‌ലിം ആരാധനാലയങ്ങളില്‍ എന്തു നടക്കണമെന്നും ആരു വരണമെന്നും ഞങ്ങള്‍ തീരുമാനിക്കു'മെന്നു നാളെ മുസ്‌ലിം ലീഗും 'ക്രൈസ്തവ ആരാധനാലയങ്ങളിലെത്തുന്നവരെല്ലാം ഇനിമുതല്‍ ഞങ്ങള്‍ക്കേ വോട്ടുചെയ്യാവൂ'വെന്നു കെ.എം മാണിയുടെ കേരള കോണ്‍ഗ്രസും പ്രഖ്യാപിച്ചാലത്തെ അവസ്ഥയെന്താകുമെന്നു ചിന്തിച്ചുനോക്കൂ. ഹൈന്ദവ ആരാധനാലയങ്ങളിലെ കാര്യങ്ങള്‍ 'വിശ്വാസികളായ ഞങ്ങള്‍' തീരുമാനക്കുമെന്നു സംഘ്പരിവാറും 'ഞങ്ങളാണു യഥാര്‍ഥവിശ്വാസികള്‍' എന്നു സി.പി.എമ്മും നേര്‍ക്കുനേര്‍ പൊരുതാനുറച്ചു വാദിക്കുമ്പോള്‍ സംഭവിക്കുന്നതു ശുഭകരമായ കാര്യങ്ങളായിരിക്കില്ല.
ഇന്ത്യന്‍ ഭരണഘടന വളരെ മനോഹരമായ ആശയങ്ങള്‍ നിറഞ്ഞതാണ്. അതിലെ വ്യവസ്ഥകളനുസരിച്ചു വ്യക്തികള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കാം. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ശ്രീനാരായണഗുരുവിനെപ്പോലെയും അദ്ദേഹത്തിന്റെ യഥാര്‍ഥ അനുയായികളെയുംപോലെ 'പലമതസാരവുമേകം' എന്ന വിശ്വാസവുമാകാം. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാം. ഇഷ്ടമുള്ളപ്പോള്‍ രാഷ്ട്രീയവിശ്വാസവും മതവിശ്വാസവും മാറാം. ഏതു മതത്തിലും വിശ്വസിക്കാന്‍ തനിക്കുള്ള അവകാശം അതേപോലെ മറ്റുള്ളവര്‍ക്കുമുണ്ടെന്ന് അംഗീകരിച്ചാല്‍ ഈ നാട് ദൈവത്തിന്റെ സ്വന്തം നാടാകും. അതിനുപകരം, രാഷ്ട്രീയനേട്ടത്തിനുവേണ്ടിയും കാലിനടിയിലെ മണ്ണുചോരുന്നതു തടയാന്‍വേണ്ടിയും മതങ്ങളെയും ദൈവത്തെയും ആയുധമാക്കുന്നതാണ് അപകടം.
മതം വ്യക്തിനിഷ്ഠമായതിനാല്‍ അതിനു രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയില്ല. ദൈവവും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലല്ലോ. അപ്പോള്‍പ്പിന്നെ, മതങ്ങളെയും ദൈവത്തെയും വെറുതെ വിടുന്നതല്ലേ രാഷ്ട്രീയക്കാര്‍ക്കും നാടിനും നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."