പ്രിയം ലോക നേതാക്കളോട് ; ആല്‍ബി വരച്ചുകൂട്ടിയത് നാലായിരത്തോളം ചിത്രങ്ങള്‍
കൊച്ചി:ലോക നേതാക്കളുടെ രൂപവും ഭാവവും ചോര്‍ന്നുപോകാതെ കാന്‍വാസില്‍ കോറിയിടുക, വരയിലൂടെ സമ്പാദിക്കുന്ന പണം മുടക്കി അവ അവര്‍ക്ക് അയച്ചുകൊടുക്കുക, നേതാക്കള്‍ അയക്കുന്ന മറുപടികള്‍ നിധിപോലെ സൂക്ഷിക്കുക. എറണാകുളം വടവുകോട് തറയില്‍ വീട്ടില്‍ ആല്‍ബി എന്ന ചിത്രകാരന്‍ വ്യത്യസ്താനാകുന്നത് ഇങ്ങനെയൊക്കെയാണ്. സത്യത്തിലെല്ലാവരും അത് തിരിച്ചറിയുന്നുമുണ്ട്.
ഇതുവരെ നാലായിരത്തോളം ചിത്രങ്ങളാണ് വരച്ചു തീര്‍ത്തത്. ഏറെയും വാട്ടര്‍ കളര്‍ ഉപയോഗിച്ചുള്ളവ. വാട്ടര്‍ കളര്‍ ചിത്രങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ചെലവ് കുറവാണെന്നതുകൊണ്ടാണിത്. നാലു വയസു മുതല്‍ വരച്ചുതുടങ്ങിയതാണ്. അമ്മയും കുഞ്ഞും എന്ന ചിത്രം ഒന്‍പതാം വയസില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് നാല്‍പ്പത് വര്‍ഷം കണ്ടതും കാണാത്തതും ഒക്കെ വരച്ചു.
ബ്രിട്ടീഷ് കൊട്ടരത്തിലേക്ക് 42 ചിത്രങ്ങള്‍ ഇതുവരെ അയച്ചു. എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന്‍, വില്യം രാജകുമാരന്‍ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങള്‍. ഇവരൊക്കെ അയച്ച മറുപടിയും സൂക്ഷിച്ചിരിക്കുകയാണ് ആല്‍ബി. അബ്ദുല്‍ കലാം, കെ.ആര്‍ നാരായണന്‍, പ്രതിഭാ പട്ടീല്‍, മന്‍മോഹന്‍ സിങ് എന്നിവര്‍ക്കൊക്കെ പുതുവത്സരാശംസകളായി അയച്ചിരുന്നത് ഇവരുടെ ചിത്രങ്ങളായിരുന്നു.
നേതാക്കളുടെ ജന്മദിനത്തിലും പതിവ് തുടരുന്നു. ലോക നേതാക്കളൊക്കെ ചിത്രങ്ങളെ പ്രശംസിച്ചു മറുപടി അയച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ച ചിത്രത്തിന് മറുപടി ലഭിച്ചിട്ടില്ല. കൂടുതല്‍ ചിത്രങ്ങള്‍ ഒബാമയ്ക്കയച്ചുകൊടുക്കാനുള്ള തയാറെടുപ്പിലാണ് ആല്‍ബി. മദര്‍ തെരേസയുടെ ചിത്രങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചത്. 2004 ലാണ് അവരുടെ ചിത്രം വരച്ച് കല്‍ക്കട്ടയിലേക്ക് അയച്ചത്. ചിത്രങ്ങളില്‍ ചിലതെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹം. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചിത്രപ്രദര്‍ശനമൊന്നും സംഘടിപ്പിക്കാന്‍ കഴിയുന്നില്ല ഈ ചിത്രകാരന്. കുട്ടികളെ ചിത്രകല പഠിപ്പിച്ച് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ചെറിയ കുടുംബത്തിന്റെ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."