കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
എറണാകുളം: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നു വൻ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോ കഞ്ചാവാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഞ്ചാവ് അലമാരയിൽ ഒളിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഹോളി ആഘോഷത്തോടനുബന്ധിച്ച് വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കളമശ്ശേരി പൊലീസ്, ഡാൻസാഫ് സംഘം എന്നിവരുടെ സംയുക്ത പരിശോധനയിൽ ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് , കൊല്ലം സ്വദേശിയായ ആകാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
1.9 കിലോ കഞ്ചാവ് കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽ നിന്നും 9 ഗ്രാം കഞ്ചാവ് ,ആലപ്പുഴ സ്വദേശി ആദിത്യന്റെയും കൊല്ലം സ്വദേശി അഭിരാജിന്റെയും മുറിയിൽ നിന്ന് മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി.
ഇന്നലെ രാത്രി 9 മണിക്ക് ആരംഭിച്ച പൊലീസ് പരിശോധന പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. പൊലീസ് സംഘം എത്തിയപ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു കോളജ് ഹോസ്റ്റലിൽ നിന്നും ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ഇതാദ്യമാണ്. കഞ്ചാവ് എത്തിച്ചതാരെന്നു പൊലിസ് തിരിച്ചറിഞ്ഞു, അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്," എസിപി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."