രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ?. : അവഗണിക്കല്ലേ....
ചൂട് കാലമാണ് ധാരാളം അസുഖങ്ങൾ പടർന്നു പിടിക്കാറുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ... പീള കെട്ടിക്കിടക്കുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കണം. ചൂട് കാലത്ത് സാധാരണയായി പല അസുഖങ്ങളും വരാറുണ്ട്. അവയിൽ ഒന്നാണ് ചെങ്കണ്ണ്. അല്ലെങ്കിൽ ചുവപ്പ് നിറവും ചൊറിച്ചിലും. നിസാരമെന്ന് കരുതി അവഗണിക്കേണ്ട ഒന്നല്ല ചെങ്കണ്ണ്. കണ്ണിലെ വെളുത്ത ഭാഗത്തുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവ കൺജങ്ടിവൈറ്റിസ് എന്ന് പറയുന്നത്.
രോഗം മൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടുമ്പോഴാണ് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നത്.കൺജങ്ടിവൈറ്റിസിനെ മദ്രാസ് ഐ, പിങ്ക് ഐ എന്നൊക്കെ വിളിക്കാറുണ്ട്. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്.
രോഗ ലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പു നിറം.
കണ്ണീരൊലിപ്പ്.
ചൊറിച്ചിലും അസ്വസ്ഥതയും.
കൺപോളകളിൽ വീക്കം
കണ്ണ് തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക.
പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത.
കണ്ണിൽ കരടു പോയത് പോലെ തോന്നുക.

രോഗം ബാധിച്ചാൽ സാധാരണ 5 മുതൽ 7 ദിവസം വരെയും സങ്കീർണമായാൽ 21ദിവസം വരെയും നീണ്ടുനിൽക്കാം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കണം.
രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങളിൽ രോഗാണു സാദ്ധ്യതയുള്ളതിനാൽ ഇവ സ്‌പർശിച്ചാൽ രോഗാണുക്കൾ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകും.
ഈ തെറ്റിദ്ധാരണകൾ മാറ്റിവെക്കൂ....
▪️ കണ്ണിൽ നോക്കിയാൽ രോഗം പകരുമെന്ന് പലരും വിശ്വസിക്കുന്നു. അത് തെറ്റാണ്. കണ്ണിൽ നോക്കിയാൽ രോഗം പകരില്ല.
▪️ മറ്റൊന്ന് കറുത്ത കണ്ണs ഉപയോഗിച്ചാൽ രോഗം പകരില്ല എന്നൊരു വിശ്വാസമുണ്ട്. കണ്ണട ഉപയോഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോഗിച്ച് രോഗി തൊടുന്ന ഇടങ്ങളിലെല്ലാം രോഗാണുക്കൾ വ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."