നഗരസഭ പദ്ധതികളിലെ ക്രമക്കേട്: തെളിവെടുപ്പ് നടത്തി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ 2010 മുതല്‍ നടപ്പിലാക്കിയ വിവിധ പ്രവൃത്തികളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് സ്വകാര്യ വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തി.
പരാതിക്കാരനായ ഇസ്മായില്‍ എരഞ്ഞിക്കലില്‍ നിന്നാണ് തിരുവനന്തപുരത്ത് നിന്നും നേരിട്ടെത്തിയ വിജിലന്‍സ് ഡി.വൈ.എസ്.പി രാധാകൃഷ്ണനും സംഘവും തെളിവെടുപ്പ് നടത്തിയത്.
ആര്യാടന് ഷൗക്കത്ത് നഗരസഭാ ചെയര്‍മാനായിരിക്കെ നടപ്പാക്കിയ നിലമ്പൂര്‍ പാട്ടുത്സവം, സ്നേഹപത്തായം, വഴികാട്ടി കമ്മ്യൂനിറ്റി കോളജ്, സമീക്ഷ തുല്യതാ പദ്ധതി, സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി, ശിശു സൗഹൃദ നഗരം, ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതി തുടങ്ങി വിവിധ പദ്ധതികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.
നിലമ്പൂര്‍ ടി.ബിയില്‍ വച്ചുള്ള മൊഴിരേഖപ്പെടുത്തലും തെളിവുകളുടെ പരിശോധനയും രണ്ട് മണിക്കൂറിലധികം നീണ്ടു.
പരാതിക്കാരന് ഹാജരാകിയ തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചു. മുന്‍ നഗരസഭ ചെയര്‍മാനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന് നല്കിയ പരാതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."