പിടിവിടാതെ എമ്പുരാന്‍; ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടിസ്; മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടിലും വ്യക്തത വരുത്തണം
തിരുവനന്തപുരം: എമ്പുരാനില്‍ പിടിവിടാതെ കേന്ദ്രം. എമ്പുരാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചു. ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും 2022ല്‍ ആശീര്‍വാദ് സിനിമാസില്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് നടപടിയെന്നുമാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടികളിലും വ്യക്തത വരുത്തണമെന്ന് നോട്ടിസില് പറയുന്നു.
2022ല്‍ ദുബൈയില്‍വെച്ച് മോഹന്‍ലാലിന് രണ്ടര കോടി രൂപ ആന്റണി പെരുമ്പാവൂര്‍ കൈമാറിയിരുന്നുവെന്നും ഇതില്‍ വ്യക്തത തേടിയാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ,ൂചിപ്പിക്കുന്നത്. സിനിമകളുടെ ഓവര്‍സീസ് ഇടപാടുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. എമ്പുരാന്‍ സിനിമയിലെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലനെതിരേ ഇ.ഡി നടപടിക്കു പിന്നാലെയാണ് സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരേ ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിശദീകരണം തേടിയായിരുന്നു നോട്ടിസ്.
ഈ ചിത്രങ്ങളില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം സ്വന്തമാക്കിയെന്നാണ് ഇ.ഡി കണ്ടെത്തല്‍. ഇതോടെയാണ് നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചി ആദായനികുതി ഓഫിസില്‍നിന്നാണ് പൃഥ്വിരാജിന് നോട്ടിസ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 29നകം കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്.
ഗുജറാത്ത് കലാപം പരാമര്‍ശിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ്, സംഘ്പരിവാര്‍ സംഘടനകളുടെ രൂക്ഷമായി എതിര്‍പ്പും ഭീഷണിയും ഏറ്റുവാങ്ങിയ എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തുടങ്ങിയതിനു പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുനേരെ നീക്കം. പഴയ കേസുകളിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ നോട്ടിസും റെയ്ഡുമായി രംഗത്തു വന്നിരിക്കുന്നത്.
വെള്ളിയാഴ്ച ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈ കോടമ്പാക്കത്തെ ഓഫിസ്, ഗോകുലം ഗോപാലന്റെ വസതി, കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. റെയ്ഡിനിടെ ആദ്യം കോഴിക്കോടുവച്ചും പിന്നീട് ചെന്നൈയില്‍വച്ചും ഗോകുലം ഗോപാലനെ ഇ.ഡി ഏഴര മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ചിട്ടിയുടെ പേരില്‍ പ്രവാസികളില്‍നിന്ന് ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി 593 കോടി രൂപ സമാഹരിച്ചത് നിയമവിരുദ്ധമാണെന്നും വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതായും പണമിടപാടില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടം പാലിച്ചില്ലെന്നും ഇ.ഡി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."