മമ്മൂട്ടിയുടെ ആരാധകന്റെ വാട്‌സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി
മലപ്പുറം: നടന്‍ മമ്മൂട്ടിയുടെ ആരാധകന്റെ വാട്‌സ് ആപ്പ് സന്ദേശം ഒരു കൊച്ചു കുട്ടിക്ക് തുണയായി. മമ്മൂട്ടിയുടെ ആരാധകനാണ് ജസീര്‍ ബാബു. പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായ ഇദ്ദേഹം മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങള്‍ റിലീസാവുമ്പോഴും ആദ്യ ഷോക്ക് കയറി അഭിപ്രായം മമ്മൂട്ടിയെ അറിയിക്കുകയും ചെയ്യും.
തിരിച്ച് മറുപടിയൊന്നും കിട്ടാറില്ലെങ്കിലും പത്തു വര്‍ഷമായി ഇയാള്‍ ഇത് തുടരുന്നു. എന്നാല്‍ ഫെബ്രുവരി 27ന് പതിവുപോലെ മമ്മൂട്ടിക്ക് വാട്‌സാപ്പ് സന്ദേശമയച്ചു. എന്നാല്‍ സിനിമയായിരുന്നില്ല വിഷയം. മലപ്പുറത്തെ തിരൂര്‍ക്കാട് സ്വദേശിയായ നിദ ഫാത്തമ എന്ന കുട്ടിയുടെ ഹൃദ്രോഗവും സാമ്പത്തിക ബുദ്ദിമുട്ടുമായിരുന്നു വിഷയം. സാധാരണ മറുപടിയൊന്നും ലഭിക്കാറില്ലെങ്കിലും ഈ സന്ദേശം മമ്മൂട്ടി കേട്ടു. അരമണിക്കൂറിനുള്ളില്‍ തിരിച്ചുവിളിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാരുണ്യസ്ഥാപനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികളാണ് സജീറിനെ നേരിട്ടു വിളിച്ചത്. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. ഏപ്രില്‍ 7ന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയും നടന്നു. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും കുടുംബവും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജനിച്ച് മൂന്നര വയസ് ആകുന്നതിനിടയില്‍ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെയാണ് നിദ ഫാത്തിമ കടന്ന് പോയത്. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകള്‍ ഉണ്ടാകും. നിദയ്ക്ക് ജന്മനാ ഹൃദയത്തില്‍ ഒരു അറ മാത്രമേ ( ഇടത് വെന്‍ട്രിക്കിള്‍) ഉണ്ടായിരുന്നുളളൂ. ജനിച്ച് മൂന്ന് മാസത്തില്‍ തന്നെ ആദ്യ സര്‍ജറിയും നടത്തി. തുടര്‍ന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടി ആഘാതവുമായി. സുഹൃത്തും ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീര്‍ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നില്‍ മമ്മൂട്ടി സഹായത്തിനെത്തുകയായിരുന്നു.
രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനെ തുടര്‍ന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂര്‍ണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരന്‍ പറഞ്ഞു. പഴയ കളിയും ചിരിയും വീണ്ടെടുത്ത് മടങ്ങാന്‍ ഒരുങ്ങുന്ന കുഞ്ഞു നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനവും എത്തി. സാക്ഷാല്‍ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും ആശംസ കാര്‍ഡും ആയിരുന്നു അതില്‍. കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളും ജസീര്‍ ബാബുവും ചേര്‍ന്ന് അത് കുട്ടിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."