ഒബാമയുടെ സംഘവും ചൈനീസ് ഉദ്യോഗസ്ഥരും കൊമ്പുകോര്‍ത്തു
ഹാങ്ഷു (ചൈന): ജി20 ഉച്ചകോടിക്ക് ചൈനയിലെത്തിയ ഒബാമയുടെ സംഘത്തിലെ പ്രതിനിധികളും ചൈനയിലെ സുരക്ഷാ ഉദ്യോഗസ്ഥരും കൊമ്പുകോര്‍ത്തു. നാടകീയ രംഗങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ ഉച്ചകോടിക്കിടെ മറുപടിയുമായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തു വന്നു.
വിമാനത്തില്‍ നിന്നു ഒബാമ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗോവണിപ്പടിക്കടുത്ത് വരെ സാധാരണ മാധ്യമ പ്രവര്‍ത്തകര്‍ എത്താറുണ്ട്. എന്നാല്‍ ഇവിടെ നീല റിബണ്‍ കെട്ടി ചൈനീസ് ഉദ്യോഗസ്ഥര്‍ വേര്‍തിരിച്ചിരുന്നു. വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍മാരെ റിബണിനു പുറത്തു നിര്‍ത്തണമെന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍ വൈറ്റ് ഹൗസ് പ്രതിനിധിയോട് പറഞ്ഞു. വൈറ്റ് ഹൗസ് മാധ്യമ സംഘമാണ് അടുത്തുണ്ടായിരുന്നത്. എന്നാല്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ ഇതു തങ്ങളുടെ പ്രസിഡന്റാണെന്നും തങ്ങളുടെ വിമാനമാണെന്നും പറഞ്ഞു. ഇതുകേട്ട് ക്ഷുഭിതനായ ചൈനീസ് ഉദ്യോഗസ്ഥന്‍ ഇതു തങ്ങളുടെ രാജ്യമാണെന്നും വിമാനത്താവളമാണെന്നും തിരിച്ചടിച്ചു. ഇതിന്റെ വിഡിയോ ട്വിറ്റര്‍ വഴി പുറത്തായതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കപ്പെട്ടത്.
ഇതിനിടെ ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സുസന്‍ റെയ്‌സും ഉപ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സും റിബണ്‍ മറികടന്ന് ഒബാമയുടെ അടുത്തേക്ക് കുതിച്ചതാണ് ചൈനീസ് ഉദ്യോഗസ്ഥരെ രോഷാകുലരാക്കിയത്. റെയ്‌സിനെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് ജി20 ഉച്ചകോടിക്കിടെയാണ് ഒബാമ പ്രതികരിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി മാധ്യമങ്ങളെ കാണുമ്പോഴാണ് മനുഷ്യാവകാശം, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും പുലര്‍ത്തുന്ന വ്യത്യസ്തമായ നിലപാടാണു പ്രശ്‌നത്തിന് ഇടയാക്കിയതെന്ന് ഒബാമ കുറ്റപ്പെടുത്തിയത്. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൈനീസ് പ്രധാനമന്ത്രിയുമായി താന്‍ സംസാരിക്കുമ്പോഴുണ്ടാകുന്ന സമീപനമല്ല മറ്റു രാഷ്ട്ര നേതാക്കളുമായി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഏറെയുണ്ട്. ചൈനയിലും ഇത്തരം സംഭവം ആദ്യമല്ലെന്നും ഒബാമ പറഞ്ഞു
യു.എസ് പ്രസിഡന്റ് വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ നിരവധി വിമാനങ്ങളും ഹെലികോപ്ടറുകളും കാറുകളും പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകാറുണ്ടെന്നും മറ്റു രാജ്യങ്ങള്‍ക്ക് ഇത് പലപ്പോഴും ആശ്ചര്യം സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റിനൊപ്പം 12 മാധ്യമ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഒബാമയോടൊപ്പം സഞ്ചരിക്കാനുള്ള സൗകര്യം ചെയ്തു നല്‍കാനാകില്ലെന്നു ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."