ബൂത്തുവിഭജനത്തിന് നിര്‍ദേശമായി
ഇരിട്ടി: സംസ്ഥാനത്തെ 1400ഉം അതില്‍ കൂടുതലും വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കുന്നതു സംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കൂടാതെ പൊളിഞ്ഞതും ഉപയോഗശൂന്യവുമായ ബൂത്തുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റാനുള്ള പ്രൊപ്പോസലും സമര്‍പ്പിക്കണം.
പുതിയ ബൂത്തിനുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുമ്പോള്‍ കഴിവതും അതേ പോളിങ്‌സ്റ്റേഷന്‍ ലൊക്കേഷനില്‍ തന്നെ പുതിയവയും നിര്‍ദേശിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവ സാധ്യമാവാത്തപക്ഷം ലൊക്കേഷന്‍ തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റാവുന്നതാണ്. പുതിയ ബൂത്ത് പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ കെട്ടിടം തന്നെ തിരഞ്ഞെടുക്കണം.
വോട്ടര്‍മാര്‍ക്ക് രണ്ടു കിലോമീറ്ററില്‍ കുറവു സഞ്ചരിക്കുന്ന രീതിയിലായിരിക്കണം ബൂത്തുകള്‍ ക്രമീകരിക്കേണ്ടത്. ബൂത്തുകള്‍ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുമ്പോള്‍ കുടിവെള്ളം, വൈദ്യുതി, ഫര്‍ണിച്ചര്‍, ടോയ്‌ലറ്റ്, വെയിലും മഴയും കൊള്ളാത്ത രീതിയില്‍ ക്യൂ നില്‍ക്കാനുള്ള സ്ഥലം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ താഴെ നിലയിലുള്ള മുറികള്‍ മാത്രമെ ബൂത്തായി പരിഗണിക്കാവൂ. ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസര്‍മാര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ബി.എല്‍.ഒമാരുടെയും യോഗം വിളിച്ച് മിനുട്‌സ് ബൂത്ത് വിഭജന പ്രൊപ്പോസലിനോടൊപ്പം സമര്‍പ്പിക്കണം. വിഭജന പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ അവയോടൊപ്പം പോളിങ് സ്റ്റേഷന്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട്, രാഷ്ട്രീയപാര്‍ട്ടി മീറ്റിങ്ങിന്റെ മിനുട്‌സ് എന്നിവ ഈ മാസം 20ന് മുന്‍പായി അതതു താലൂക്ക് ഓഫിസില്‍ സമര്‍പ്പിക്കണം.
ഒരു ലൊക്കേഷനില്‍ ഒന്നില്‍ കൂടുതല്‍, 1400ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളുണ്ടെങ്കില്‍ അത്തരം ബൂത്തുകളില്‍ നിന്നും സൗകര്യപ്രദമായ വോട്ടര്‍മാരെ പുതിയ ബൂത്തിലേക്കു മാറ്റുന്നതിലൂടെ പുതിയ ബൂത്തുകളുടെ എണ്ണം കുറയ്ക്കാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."