ബാങ്ക് വന്നത് വീട്ടില്‍ നിന്നിറക്കാന്‍; ഉസ്മാനും പിതാവ് മുഹമ്മദും ഇറങ്ങിയത് ജീവിതത്തില്‍ നിന്നു തന്നെ
ഒറ്റപ്പാലം: വീടു വിട്ടിറങ്ങണമെന്ന സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി മുഹമ്മദും വായ്പ കുടിശികക്കാരന്‍ മകന്‍ ഉസ്മാനും നടപ്പിലാക്കിയത് വീട്ടില്‍ നിന്നല്ല, ജീവിതത്തില്‍ നിന്നു തന്നെ വിട്ടിറങ്ങി കൊണ്ടാണ്. ജപ്തി നോട്ടീസ് കിട്ടി പത്താം ദിവസം മകന്‍ ഉസ്മാന്‍ മരിച്ചു. അഞ്ചു ദിവസത്തിനുള്ളില്‍ ബാപ്പയും മകന്റെ വഴിയേ പോയി. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഉസ്മാന്റെ മരണം. മകന് പുറകെ ശനിയാഴ്ച്ച രാത്രി മുഹമ്മദും മരിച്ചു.
ചുനങ്ങാട് പരിക്കംപറ്റ മുഹമ്മദിന്റെ മകന്‍ ഉസ്മാന്‍ ( 49) നാലു വര്‍ഷം മുന്‍പാണ് 10 സെന്റ് കിടപ്പാടത്തിന്റെ ആധാരം പണയപ്പെടുത്തി ജില്ലാ സഹകരണ ബാങ്കിന്റെ ശാഖയില്‍ നിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പതിനഞ്ച് ദിവസം മുന്‍പാണ് ജില്ലാ സഹകരണ ബാങ്കിന്റെ ഒറ്റപ്പാലം ശാഖയില്‍ നിന്ന് 3.93 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ജീവനക്കാരെത്തിയത്. തുക അടച്ചില്ലെങ്കില്‍ വീട് വിട്ട് ഇറങ്ങണമെന്ന് കുടുംബത്തെ ബാങ്ക് രേഖമൂലം അറിയിച്ചതിനു പുറകെ പിതാവ് മുഹമ്മദ് ( 80) കുഴഞ്ഞു വീണു. ഇദ്ദേഹത്തിന്റെ സംസാരശേഷി പൂര്‍ണമായി നഷ്ടമായിരുന്നു.
മരമില്ലില്‍ ജീവനക്കാരനായിരുന്ന ഉസ്മാന്റെ വരുമാനം കൊണ്ടായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്. എന്നാല്‍ വയറില്‍ അര്‍ബുദം ബാധിച്ചതോടെ ജോലിക്ക് പോകാനാവാത്ത അവസ്ഥയിലായി ഉസ്മാന്‍. തുടര്‍ന്നാണ് ബാങ്കിലെ തിരിച്ചടവ് മുടങ്ങിയത്. ഇക്കാര്യം ബാങ്കില്‍ അറിയിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഇല്ലായിരുന്നു. രോഗത്തെ തുടര്‍ന്ന് വയറില്‍ രണ്ട് ശസ്ത്രക്രിയകള്‍ നേരത്തെ ഉസ്മാന് നടത്തിയിരുന്നു. മൂന്നാമത്തെ ശസ്ത്രക്രിയ ചൊവ്വാഴ്ച്ച നടത്തിയതിന് പുറകെയാണ് ബുധനാഴ്ച്ച ഉസ്മാന്‍ മരിച്ചത്. മകന്റെ മരണം പോലും അറിയാതെയാണ് അബോധാവസ്ഥയില്‍ പിതാവ് മുഹമ്മദും ആ വഴിക്ക് പോയത്.
അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ഗ്യഹനാഥന്‍മാരുടെ മരണത്തോടെ ഇവരുടെ കുടുംബവും അനാഥമായി. ഇവരുടെ ലോണ്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."