ദക്ഷിണ ചൈനാ കടല്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഒബാമ
വാഷിംങ്ടണ്‍: ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അക്രമണോല്‍സുകത കനത്ത പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. അയല്‍ രാജ്യങ്ങളെ ആശങ്കപ്പെടുത്തും വിധത്തിലുള്ള ദക്ഷിണ ചൈനാ കടല്‍ സമീപനത്തിന് കമ്മ്യൂണിസ്റ്റ് രാജ്യം മാറ്റം വരുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് സംസാരിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇതായിരുന്നു. അമേരിക്ക ശക്തിയായി വളര്‍ന്നത് പലപ്പോഴും സ്വയം നിയന്ത്രിച്ച് കൊണ്ടായിരുന്നു. അന്താരാഷ്ട്ര രീതികള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി യു.എസ് സ്വയം ബന്ധിച്ചത് ഞങ്ങള്‍ നിര്‍ബന്ധിതരായിട്ടല്ലായിരുന്നു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ്. അന്താരാഷ്ട്രീയമായി ഒരു മര്യാദയും വ്യവസ്ഥയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെട്ടതു കൊണ്ടാണ്. ഇതു തന്നെയാവും ചൈനയുടെ താല്‍പര്യമെന്നും കരുതുന്നുവെന്നും ഒബാമ ചൈനയെ ഓര്‍മപ്പെടുത്തി. ജി20 ഉച്ചകോടിക്ക് പുറപ്പെടും മുന്‍പ് സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്. ഈയിടെ ദക്ഷിണ ചൈനാകടലില്‍ ചൈനയ്ക്ക് അധികാരമില്ലെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."