കെ. ബാബുവിന്റെ വീട്ടിലെ റെയ്ഡ്; കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സുരക്ഷാകാരണത്താല്‍ തിരികെ നല്‍കി
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളില്‍ നിന്ന് വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.എന്നാല്‍ കോടതി, സ്വീകരിച്ച രേഖകള്‍ ട്രഷറി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ വിജിലന്‍സിന് തിരികെ നല്‍കി. രേഖകള്‍ ഇന്ന് വിജിലന്‍സ് വീണ്ടും മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും. ഭൂമി ഇടപാടും പണമിടപാടും അടക്കം 200 ഓളം രേഖകളും കെ.ബാബുവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 1.45 ലക്ഷം രൂപ, 205 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, ബിനാമിയെന്ന് ആരോപിക്കുന്ന റോയല്‍ ജ്വല്ലറി ഗ്രൂപ്പ് ഉടമ മോഹനന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 6.66 ലക്ഷം രൂപ തുടങ്ങിയവയാണ് വിജിലന്‍സ് ഡിവൈ.എസ.്പി കെ.ആര്‍ വേണുഗോപാലന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രേഖകള്‍ തരംതിരിക്കുന്നതിന് ചുമതലപ്പെട്ട മാനേജര്‍ ഇന്നലെ അവധിയായതിനാലും കോടതിയില്‍ സ്വര്‍ണവും പണവും മറ്റും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാലുമാണ് കോടതി രേഖകള്‍ തിരികെ നല്‍കിയത്. ഇന്ന് രാവിലെ വീണ്ടും ഹാജരാക്കുന്ന രേഖകള്‍ തരം തിരിച്ച് തൊട്ടടുത്തുള്ള ട്രഷറിയിലേക്ക് മാറ്റും. തുടരന്വേഷണത്തിന് ആവശ്യമായ രേഖകള്‍ കസ്റ്റഡിയില്‍ വാങ്ങുന്നതിനും ഇന്ന് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
അതേസമയം വിജിലന്‍സ് ഇന്നലെയും ബാബുവുമായി ബന്ധമുള്ള ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കെ.ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന മുന്‍ പേഴ്‌സനല്‍ സ്റ്റാഫംഗം നന്ദകുമാറിനെ എറണാകുളത്തെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ഒരു മണിക്കൂറോളം മൊഴിയെടുത്തു.
നന്ദകുമാറിന്റെ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറ ഏരൂരില്‍ നടത്തുന്ന എന്‍.എം ഫൈനാന്‍സ് എന്ന പണമിടപാട് സ്ഥാപനത്തില്‍ കെ.ബാബു പണം മുടക്കിയിട്ടുണ്ടോ എന്നാണ് വിജിലന്‍സ് മുഖ്യമായും ആരാഞ്ഞത്്.എന്നാല്‍ ബാബുവുമായി ഒരുതരത്തിലുള്ള പണമിടപാടും ഇല്ലെന്നായിരുന്നു സന്ദകുമാറിന്റെ നിലപാട്. കണ്ടെടുത്ത രേഖകളില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ നന്ദകുമാറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ബാബുറാം ഭൂമി വാങ്ങിക്കൂട്ടിയത്
ബാബു മന്ത്രി ആയിരിക്കുമ്പോള്‍
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാം ഭൂമി വാങ്ങിക്കൂട്ടിയത് ബാബു മന്ത്രിയായിരിക്കുമ്പോഴെന്ന് രേഖകളില്‍.
കഴിഞ്ഞദിവസം വിജിലന്‍സ് കണ്ടെടുത്ത സ്വത്ത് വിവരങ്ങളെക്കുറിച്ച് ബാബുറാം സ്വയം എഴുതി തയാറാക്കിയ പട്ടികയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്. കണ്ടെടുത്ത 84 രേഖകളനുസരിച്ച് ബാബുറാമിന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ മരട്, പള്ളുരുത്തി, പനങ്ങാട് എന്നിവിടങ്ങളിലായി 41 ഇടത്ത് ഭൂമിയുണ്ടെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ് ബാബുറാം ഈ ഇടപാടുകള്‍ നടത്തിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ബാബു എക്‌സൈസ് മന്ത്രി ആയിരുന്ന ഈ കാലയളവില്‍ ബാബുറാം വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതായാണ് രേഖകളില്‍. എന്നാല്‍ കഴിഞ്ഞദിവസം ബാബുറാമിനെ വിജിലന്‍സ് ചോദ്യം ചെയ്‌തെങ്കിലും ബാബുവുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്നും താന്‍ ബാബുവിന്റെ ബിനാമിയല്ലെന്നും മൊഴി നല്‍കിയിരുന്നു.
ബാബുറാമിനെ ഇന്ന് വീണ്ടും ചോദ്യംചെയ്‌തേക്കും. കേരളത്തിന് പുറത്തേക്കും വിജിലന്‍സ് വരും ദിവസങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കും. റെയ്ഡില്‍ കണ്ടെടുത്ത രേഖകളില്‍ കേരളത്തിനുപുറത്തുള്ള ഇടപാടുകളും കണ്ടെത്തിയതിനെതുടര്‍ന്നാണിത്.
അതേസമയം റിനൈ മെഡിസിറ്റിയില്‍ കെ.ബാബുവിന് യാതൊരുപങ്കാളിത്തവുമില്ലെന്ന് മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."