മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ന്യൂഡൽഹി: ഡൽഹിയിലെ സാഗർപൂർ മോഹൻ ബ്ലോക്കിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച പത്തുവയസ്സുകാരനെ പിതാവ് കുത്തിക്കൊന്നു. ഇന്നലെ ഉച്ചയ്ക്കാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ കൂലിപ്പണി തൊഴിലാളിയായ 40 വയസ്സുള്ള പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് 1.30നാണ് ദാദാ ദേവ് ആശുപത്രിയിൽ ഒരു കുട്ടി കുത്തേറ്റ് എത്തിയതായി പൊലീസിന് പിസിആർ കോൾ ലഭിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടി പിതാവിനും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം സാഗർപൂരിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചതിനാൽ, പിതാവാണ് കുട്ടികളെ പരിപാലിച്ചിരുന്നത്. മഴയത്ത് കളിക്കാൻ പോകാൻ കുട്ടി നിർബന്ധിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് വ്യക്തമായി. പിതാവ് എതിർത്തെങ്കിലും കുട്ടി അനുസരിക്കാതെ വന്നപ്പോൾ, കോപാകുലനായ പിതാവ് അടുക്കളയിൽ നിന്ന് കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം പിതാവ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച അടുക്കള കത്തി വീട്ടിൽ നിന്ന് കണ്ടെടുത്തതായും പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.
പിതാവ് മദ്യപിച്ചിരുന്നുവെന്നും, മഴയത്ത് കളിക്കാൻ പോയ സഹോദരനെ എതിർത്ത് കത്തിയുമായി പിന്തുടർന്ന് കുത്തുകയായിരുന്നുവെന്നും. "എന്റെ അച്ഛൻ മദ്യപിച്ച് ഞങ്ങളെ തല്ലാറുണ്ടായിരുന്നു. അവന്റെ അപേക്ഷകൾ അച്ഛൻ കേട്ടില്ല. പെട്ടെന്ന് കത്തിയെടുത്ത് സഹോദരനെ കുത്തി. അച്ഛനെതിരെ കർശന നടപടി വേണം," സഹോദരൻ ആവശ്യപ്പെട്ടു. ഇരയുടെ സഹോദരി സംഭവത്തിനിടെ ഇടപെടാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് അയൽവാസികളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."