സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല: സുപ്രിം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഒരിക്കലും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അത്തരം വിമര്‍ശനങ്ങള്‍ ഒരിക്കലും അപകീര്‍ത്തിക്കേസിന്റെ പരിധിയിലും പെടില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ പൊതുവായ ഒരു ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള ഐ.പി.സി 124 (എ) വകുപ്പ് ദുരപയോഗം ചെയ്യുന്നതിനെതിരേ തിങ്കളാഴ്ച സന്നദ്ധസംഘടനയായ കോമണ്‍കോസും ആണവവിരുദ്ധ പ്രവര്‍ത്തകനായ ഡോ. എസ്.പി ഉദയകുമാറും നല്കിയ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 1962ല്‍ കേദാര്‍നാഥും ബിഹാര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമ(വകുപ്പ് 124 എ)ത്തിന്റെ പരിധി പരിമിതപ്പെടുത്തിയത്. ബന്ധപ്പെട്ട എല്ലാ അധികൃതരും ഈ വിധി പിന്തുടരണമെന്ന് ജഡ്ജിമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കൂടംകുളത്ത് ആണവ നിലയത്തിനെതിരെ സമരം നയിച്ചവര്‍ക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയ കാര്യം പ്രശാന്ത് ഭൂഷണ് ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജ്യദ്രോഹക്കുറ്റം എന്താണെന്ന് തങ്ങള്‍ വിശദീകരിക്കുന്നില്ലെന്ന് ബെഞ്ച് പ്രതികരിച്ചു. കേദര്‍നാഥ് കേസിലെ വിധി അധികൃതര്‍ പിന്തുടരുന്നില്ല. അക്രമസംഭവങ്ങളോ കലാപമോ ഉണ്ടായാല്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂയെന്നും ഭൂഷണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."