'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
വാഷിങ്ട്ടണ്‍: 'ഏപ്രില്‍ അവസാനത്തെ ആഴ്ചകളിലെ ഒരു ദിവസം. ഉറക്കമുണര്‍ന്നിരുന്നില്ല ഹസന്‍ ഷാ. ആ പുലര്‍കാലത്താണ് പൊലിസ് അയാളുടെ കൂരയിലെത്തുന്നത്. കിടക്കപ്പായയില്‍ നിന്ന് അയാളെ വലിച്ചിഴച്ച് കൊണ്ടുപോയി. കൈകള്‍ കയറുപയോഗിച്ച് കെട്ടി. കണ്ണുകള്‍ക്കു മുകളില്‍ മൂടുപടമിട്ടു. പിന്നെ ബംഗ്ലാദേശിലേക്ക് പോകുന്ന ബോട്ടില്‍ കയറ്റിവിട്ടു' ഇന്ത്യന്‍ പൊലിസ് തീര്‍ത്ത മരണത്തിനും ജീവിതത്തിനുമിടയിലുള്ള കൊടിയപീഡനത്താലുള്ള നൂല്‍പാലത്തിലൂടെ കടന്നപോയ നിമിഷങ്ങളുടെ കഥ പറയുകയാണ് നാടുകടത്തപ്പെട്ട ഗുജറാത്ത് സൂറത്ത് സ്വദേശി ഹസന്‍ ഷാ.
യു.എസ് ആസ്ഥാനമായ വാഷിങ്ട്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഹസന്‍ ഷായുടെ അനുഭവം വിവരിക്കുന്നത്. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ ലക്ഷ്യംവച്ച് നടക്കുന്ന റെയ്ഡുകളെയും നാടുകടത്തലിനെയും കുറിച്ച വിശദവും ഞെട്ടിക്കുന്നതുമായ കാര്യങ്ങള്‍ തുറന്നു കാട്ടുന്നതാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിച്ച് പ്രാന്‍ഷു വര്‍മ്മ, തന്‍ബീറുല്‍ മിരാജ് റിപ്പണ്‍, സഹാല്‍ ഖുറേഷി എന്നീ മാധ്യമപ്രവര്‍ത്തകര്‍ തയാറാക്കിയതാണിത്.
ഹസന്‍ഷാ തടുര്‍ന്ന് പറയുന്നു 'കടലില്‍ മൂന്ന് ദിവസം കഴിഞ്ഞതിന് ശേഷം ലൈഫ് വെസ്റ്റ് ധരിപ്പിച്ച് എന്നെ ബോട്ടിന്റെ വക്കില്‍ നിര്‍ത്തി. തുടര്‍ന്ന് കൈകള്‍ അഴിച്ചുമാറ്റി. കണ്ണുകളുടെ മൂടുപടവും നീക്കി. അറ്റമില്ലാത്ത ആ കടലിന് നടുവില്‍ ഭയപ്പാടോടെ നില്‍ക്കുന്ന എനിക്ക് നേരെ തോക്ക് ചൂണ്ടി പൊലിസ് ആക്രോശിച്ചു. 'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും'.' അയാള്‍ പറയുന്നത് തുടരുന്നു. മരണത്തിന്റെ ഭീതിയില്‍ ആ ഉത്തരവ് അനുസരിക്കുകയില്ലാതെ ഹസന്‍ ഷായ്ക്ക് മുന്നില്‍ വേറെ വഴികളില്ലായിരുന്നു. അയാള്‍ ആ കടലിലേക്ക് എടുത്തുചാടി. ഒരുപാട് ദൂരം നീന്തി. കരലക്ഷമാക്കിയുള്ള നീന്തലിനിടെ ബംഗ്ലാദേശ് തീരരക്ഷാസേന കസ്റ്റഡിയിലെടുത്ത് തെക്കുപടിഞ്ഞാറുള്ള സത്ഖിറ നഗരത്തിലേക്ക് കൊണ്ടുപോയി- ഹസന്‍ ഷാ പറഞ്ഞു.

ഗുജറാത്ത് പൊലിസ് തടവിലാക്കിയപ്പോള്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ തട്ടിയെടുത്തതായും ഹസന്‍ ഷാ പറഞ്ഞു. ഇപ്പോള്‍ ഒരു വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുകയാണ്. രാജ്യമില്ലാത്ത ആളായി, ഭാര്യയില്‍ നിന്നും നാല് കുട്ടികളില്‍ നിന്നും അകന്ന്. 'ഇത് എന്റെ വീടല്ല. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം. എനിക്ക് എന്റെ മക്കളുടെ അടുത്തേക്ക് മടങ്ങണം' - സത്ഖിറയിലെ കോടതിമുറിയുടെ പടികള്‍ക്ക് സമീപത്തുവച്ച് അദ്ദേഹം വാഷിങ്ട്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
താന്‍ ഗുജറാത്തിലാണ് ജനിച്ചതെന്നും തന്റെ കുടുംബം ബംഗ്ലാദേശില്‍നിന്നുള്ളവരല്ലെന്നും മറിച്ച് പശ്ചിമബംഗാളില്‍നിന്നുള്ളവരാണെന്നും ഷാ വ്യക്തമാക്കി. മകന്റെ രണ്ട് ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെയും വോട്ടര്‍ രജിസ്ട്രേഷന്‍ രേഖയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ ഹസന്‍ ഷായുടെ മാതാവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നതിനുള്ള രണ്ട് ഘട്ട പ്രാമാണീകരണ പ്രക്രിയയ്ക്ക് ആവശ്യമായ മൊബൈല്‍ ഫോണ്‍ പൊലിസ് കൈവശപ്പെടുത്തിയെന്ന് ഷാ പറഞ്ഞു.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് ജീവിതം മാറ്റിമറിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ഹസന്‍ ഷാ. പഹല്‍ഗാം സംഭവം ഇന്ത്യയില്‍ ഏറെ ആശങ്കള്‍ സൃഷ്ടിച്ചിരുന്നു. പലയിടത്തും മുസ്‌ലിംകള്‍ക്ക് നേരെ തീവ്രഹിന്ദുത്വരുടെ ആക്രമണം ഉണ്ടായി. ഓരോ നുഴഞ്ഞുകായറ്റക്കാരേയും പുറത്താക്കുമെന്നാണ് അന്ന് ഗുജറാത്ത് ആഭ്യന്തമന്ത്രി പ്രഖ്യാപിച്ചത്. തൊഴിലാളികളും മറ്റുമായി മുസ്‌ലിം ഭൂരിപക്ഷ ചേരികളില്‍ പരിശോധ നടത്തി. ദേശസുരക്ഷക്ക് ഭീഷണിയെന്ന് പറഞ്ഞും നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ചും നിരവധി മുസ്‌ലിംകളെയാണ് അന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. കൂട്ടത്തില്‍ നിയമപരമായ രേഖകള്‍ നഷ്ടമായ വിരലിലെണ്ണാവുന്നവര്‍ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരെന്നതിന് ഉറപ്പുള്ളവരായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രാജ്യത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവരായിരുന്നു അവര്‍. നിയമപരമായി ഈ രാജ്യത്തെ പൗരന്‍മാര്‍- ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യമിട്ട് നടത്തിയ റെയ്ഡിനിടെ അതിക്രൂരമായ നടപടികളും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാപകമായി വീടുകള്‍ തകര്‍ത്തു. ഏകപക്ഷീയമായ തടങ്കലുകള്‍, മര്‍ദനങ്ങള്‍, ഉചിതമായ നടപടിക്രമങ്ങളുടെ അഭാവം തുടങ്ങിയവയെല്ലാം അധികാരികളുടെ ഭാഗത്തു നിന്നുണ്ടായി- വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മെയ് ഏഴിനും ജൂലൈ മൂന്നിനും ഇടയില്‍ 1,880 പേരെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്ചെയ്യുന്നു. മെയ് ഏഴിനും ജൂണ്‍ 17നും ഇടയില്‍ ബംഗ്ലാദേശിലെ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ 110 പേരെ ഇന്ത്യക്കാരായി രേഖപ്പെടുത്തുകയും അവരെ തെറ്റായി തിരിച്ചയക്കുകയും ചെയ്തതായും മറ്റൊരു രേഖ കാണിക്കുന്നു.
തങ്ങളുടെ നിയമപരമായ പൗരത്വത്തിന്റെ തെളിവ് സമര്‍പ്പിക്കാന്‍ അവസരം നല്‍കാതെ പൊലിസ് തടവിലാക്കിയതായി അഭിമുഖത്തില്‍ 11 പേര്‍ ചൂണ്ടിക്കാട്ടി. നാടുകടത്തല്‍ റെയ്ഡിനിടെ തങ്ങളുടെ യഥാര്‍ഥ തിരിച്ചറിയല്‍ രേഖകള്‍ എടുത്തുകൊണ്ടുപോയതായും പിന്നീട് അവര്‍ നല്‍കിയ പകര്‍പ്പുകള്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ എഴുതിത്തള്ളിയതായും പലരും പറഞ്ഞു. ലഭിച്ച വിഡിയോ ദൃശ്യങ്ങളും ദൃക്സാക്ഷി വിവരണങ്ങളും ഇത് സ്ഥിരീകരിക്കുന്നുവെന്നും വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്ചെയ്തു. നാടുകടത്തപ്പെട്ടവരോട് ഇന്ത്യന്‍ സുരക്ഷാ സേന നടത്തുന്ന പെരുമാറ്റത്തെക്കുറിച്ചുള്ള ചിത്രങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അടുത്തിടെ നാടുകടത്തല്‍ സംബന്ധിച്ച് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് നിരവധി കത്തുകള്‍ അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ അറിയിച്ചു. നാടുകടത്തല്‍ നടപടി പൗരാവകാശങ്ങള്‍ ലംഘിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് മനുഷ്യാവകാശ വിദഗ്ധനും ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയിലെ നിയമ പ്രഭാഷകനുമായ മുഹ്സിന്‍ ആലം ഭട്ട് പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
A shocking Washington Post investigation reveals the forced expulsion and violent threats faced by Muslims in Bengal, India. Victims were reportedly told to jump into the sea or be shot, exposing severe human rights violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."