കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡിഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതായി ബിജെപിയുടെ വിമർശനം
കർണാടക:വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ 100 വീടുകൾ നിർമിക്കുന്നതിനായി കർണാടക സർക്കാർ 10 കോടി രൂപ അനുവദിച്ചു. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്റ്റിമേറ്റുകളിൽ വയനാട് ദുരിതാശ്വാസത്തിനായി ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ബജറ്റിന് പുറമേ സർക്കാർ നടത്തുന്ന അധിക ചെലവുകളാണ് സപ്ലിമെന്ററി എസ്റ്റിമേറ്റുകളിൽ ഉൾപ്പെടുത്തുക.ഈ രീതിയിലാണ് വയനാടിനായി കർണാടക സർക്കാർ 10 കൊടി അനുവദിച്ചത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കന്നഡിഗരുടെ നികുതിപ്പണം പാഴാക്കുകയാണെന്ന് ബിജെപി ആരോപണം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും, കന്നഡിഗരുടെ നികുതിപ്പണം വയനാട്ടിലേക്ക് തിരിച്ചുവിടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിക്കുന്നത്.
“‘എന്റെ നികുതി, എന്റെ അവകാശം’ എന്ന് വിളിച്ചുപറഞ്ഞ് ഡൽഹിയിൽ സമരം നടത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാടിന് വേണ്ടി കന്നഡിഗരുടെ നികുതിപ്പണത്തിൽ നിന്ന് 10 കോടി രൂപ മാറ്റിവെക്കുകയാണെന്ന്,” വിജയേന്ദ്ര ഒരു ട്വീറ്റിൽ രൂക്ഷ വിമർശനം ഉയർത്തി. “നമ്മുടെ കർഷകർ വിളനാശം മൂലം ബുദ്ധിമുട്ടുമ്പോൾ, എംഎൽഎമാർക്ക് അടിസ്ഥാന ഗ്രാന്റുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ, സ്കൂളുകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തപ്പോൾ, ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താൻ കോടിക്കണക്കിന് രൂപ ഉദാരമായി സംഭാവന നൽകുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മറ്റ് ദുരന്തങ്ങളിലും കർണാടക സർക്കാർ സഹായം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, ഉത്തരാഖണ്ഡിലെ പ്രകൃതിദുരന്തങ്ങളിൽ കുടുങ്ങിയ സംസ്ഥാനത്തെ ആളുകളെ രക്ഷപ്പെടുത്താൻ 56.64 ലക്ഷം രൂപ നൽകിയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ 3,352.57 കോടി രൂപയുടെ അധിക ചെലവ് ഉൾക്കൊള്ളുന്ന സപ്ലിമെന്ററി എസ്റ്റിമേറ്റുകളുടെ ആദ്യ ഗഡു ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."