പാലക്കാട് ആർ.എസ്.എസ് സ്‌കൂളിൽ സ്‌ഫോടനം: പിന്നിലാര്? നീങ്ങാതെ ദുരൂഹത
പാലക്കാട്: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂൾ പരിസരത്തു മാരക സ്‌ഫോടകവസ്തു പെട്ടിത്തെറിച്ച് ഒരാഴ്ചയായിട്ടും ഇതിന് പിന്നിലാരെന്ന് കണ്ടെത്താത്തെ ഇരുട്ടിൽതപ്പി പൊലിസ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശക്തികേന്ദ്രത്തിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ അവർക്കു നേരെ തന്നെയാണ് വിരൽചൂണ്ടുന്നത്. സ്‌ഫോടനം നടന്ന സ്‌കൂളിലാകട്ടെ ആർ.എസ്.എസിന്റെ ശാഖയും പ്രവർത്തിക്കുന്നു. ഇത് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തന്നെ പരസ്യമായി പറഞ്ഞതുമാണ്. സ്‌കൂളിന്റെ എൻ.ഒ.സി റദ്ദ് ചെയ്യുന്നതുൾപ്പെടെ പരിഗണനയിലാണെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്.
മാകര ശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് പറയുകയും കൂടാതെ നാലെണ്ണം പരിസരത്ത് നിന്ന് കണ്ടെത്തുകയും ചെയ്ത പൊലിസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ടൗൺ നോർത്ത് സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പൊട്ടിയത് നാടൻ ബോംബാണെന്ന സൂചന ലഭിച്ചിട്ടും പൊലിസിനു ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ ബോംബുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോൾ.
കഴിഞ്ഞ 20 ന് വൈകിട്ടാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്‌കൂൾ പരിസരത്തു സ്ഫോടനമുണ്ടായത്. ഇതിൽ പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റിരുന്നു. പൊട്ടിയത് പന്നിപ്പടക്കമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് നാടൻ ബോംബ് ആണെന്ന നിഗമനത്തിൽ പൊലിസ് എത്തി. അതിനിടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി ഒരുക്കിവച്ച ബോംബ് ആണിതെന്നാണ് സി.പി.എം ഇപ്പോഴും ആരോപിക്കുന്നത്. പാലക്കാട്ടെ ആർ.എസ്.എസിന്റെ കാര്യാലയം റെയ്ഡ് ചെയ്യണമെന്നും പ്രതികളെ ഉടൻ കണ്ടെത്തണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.
ആർ.എസ്.എസ് കാര്യാലയങ്ങൾ ആയുധപ്പുരകളാണെന്ന് ജില്ലാ സെക്രട്ടി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണിത്. വർഗീയ സംഘർഷം ലക്ഷ്യം വച്ചുള്ള പല കാര്യങ്ങളും പാലക്കാട് നടത്തിയിരുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. അതേ സമയം, വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.
An explosion rocked an RSS school in Palakkad, raising questions about the culprits as the mystery remains unresolved
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."