കേരള ട്രാവല്‍ മാര്‍ട്ട് 28 മുതല്‍ കൊച്ചിയില്‍
തിരുവനന്തപുരം: കൂടുതല്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്ന കേരള ടൂറിസത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ കൂടുതല്‍ വരുമാന വര്‍ധന നേടാന്‍ കഴിയുമെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. ഉത്തരവാദിത്ത ടൂറിസം മുഖ്യപ്രമേയമാകുന്നുവെന്നതാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ടിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
ട്രാവല്‍ മാര്‍ട്ട് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ടൂറിസം വകുപ്പും സംസ്ഥാന സര്‍ക്കാരും ഗൗരവമായി പരിഗണിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതാം പതിപ്പിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചിയിലെ മെറഡിയന്‍ ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യും. 28 മുതല്‍ 30 വരെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററിലാണ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഔദ്യോഗിക പരിപാടികള്‍. 57 വിദേശരാജ്യങ്ങളില്‍ നിന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെ.ടി.എമ്മിന് എത്തുന്നത്. ഉത്തരവാദിത്ത ടൂറിസത്തിനു പുറമേ കേരളത്തിന്റെ പുതിയ ടൂറിസം പദ്ധതിയായ മുസിരിസ് സ്‌പൈസ് റൂട്ടും ട്രാവല്‍ മാര്‍ട്ടിന് ഊര്‍ജം പകരും. വ്യാപകമായ പ്രചാരം നേടിയിരിക്കുന്ന ഉത്തരവാദിത്ത ടൂറിസം സര്‍ക്കാരിന്റെ നയമായി, എല്ലാ ടൂറിസം പദ്ധതികളുടെയും ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍, സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തിന്റെ വിജയമാണ് കേരള ട്രാവല്‍ മാര്‍ട്ട് എന്നു ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപയാണ് ട്രാവല്‍ മാര്‍ട്ടിനു സഹായമായി നല്‍കുന്നത്. ടൂറിസം വ്യാപാര മേഖലയും ട്രാവല്‍ മാര്‍ട്ടില്‍ ഏറെ മുതല്‍മുടക്കുന്നു. കൂടാതെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായവുമുണ്ട്. ഈ കൂട്ടായ്മയാണ് ട്രാവല്‍മാര്‍ട്ടിനെ വളര്‍ച്ചയിലേക്കു നയിക്കുന്നതെന്നും ഡോ. വേണു പറഞ്ഞു.
557 വിദേശ സംഘങ്ങളും രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 1,379 സംഘങ്ങളും ട്രാവല്‍മാര്‍ട്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് എബ്രഹാം ജോര്‍ജ് അറിയിച്ചു. ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്ന സംരംഭകര്‍ക്കായി ബിസിനസ് കൂടിക്കാഴ്ചകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും എബ്രഹാം ജോര്‍ജ് പറഞ്ഞു. മികച്ച രീതിയില്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നതിലൂടെ ടൂറിസം വരുമാനത്തില്‍ 5000 കോടി രൂപയുടെ അധിക വരവ് നേടാനാകുമെന്ന് ഇ.എം നജീബ് പറഞ്ഞു. ലോകത്തിലെ പ്രധാന വിവാഹവേദിയും മധുവിധു കേന്ദ്രവുമാക്കി കേരളത്തെ മാറ്റാന്‍ ട്രാവല്‍ മാര്‍ട്ട് ശ്രമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."