ദ്യോക്കോവിച്, കെര്‍ബര്‍ സെമിയില്‍
ന്യൂയോര്‍ക്ക്: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് യു.എസ് ഓപണ്‍ ടെന്നിസിന്റെ സെമി ഫൈനലില്‍ കടന്നു.
ഫ്രഞ്ച് താരം ജോ ഫില്‍ഫ്രഡ് സോംഗ പരുക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തിനിടെ പിന്മാറുകയായിരുന്നു. സ്കോര്‍ 6-3, 6-2. രണ്ടാം സെറ്റില്‍ ദ്യോക്കോവിച് മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സാണ് സെമിയില്‍ ദ്യോക്കോയ്ക്ക് എതിരാളി. മോണ്‍ഫില്‍സ് നാട്ടുകാരനായ ലൂക്കാസ് പൗലോയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 6-3, 6-3.
സോംഗയ്ക്കെതിരേ അവസാനം കളിച്ച 14 മത്സരങ്ങളില്‍ 13ലും ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ദ്യോക്കോവിച് മത്സരത്തിനിറങ്ങിയത്. ആദ്യ സെറ്റില്‍ ദ്യോക്കോവിചിന്റെ വേഗമേറിയ നീക്കങ്ങള്‍ക്ക് മുന്നില്‍ സോംഗയ്ക്ക് മികവിലേക്കുയരാനായില്ല. രണ്ടാം സെറ്റില്‍ കൂടുതല്‍ മികവു പ്രകടിപ്പിച്ച ദ്യോക്കോവിച് സോംഗയ്ക്ക് തിരിച്ചു വരാന്‍ അവസരം നല്‍കിയില്ല. മത്സരത്തില്‍ 19 പിഴവുകളാണ് സോംഗ വരുത്തിയത്. രണ്ടാം സെറ്റിന്റെ അവസാനമാണ് താരത്തിന്റെ പരുക്ക് രൂക്ഷമായതും പിന്മാറുന്നതും.
വനിതാ വിഭാഗം സെമിയില്‍ ആഞ്ചലിക്വ കെര്‍ബര്‍, കരോലിന് വോസ്നിയാക്കിയെ നേരിടും. കെര്‍ബര്‍ അനായാസ പോരാട്ടത്തില്‍ ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5, 6-0. കരോലിന് വോസ്നിയാക്കി 6-0, 6-2 എന്ന സ്കോറിന് അനസ്താസിജ സെവാസ്തോവയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."