വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍.എം വിജയന്റെ കുടുംബത്തിന്റെ കുടിശ്ശിക തീര്‍ത്ത് കെ.പി.സി.സി; 63 ലക്ഷം രൂപ അടച്ചു
വയനാട്: വയനാട് മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ കുടിശ്ശിക അടച്ചുതീര്‍ത്ത് കെ.പി.സി.സി. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ 63 ലക്ഷം രൂപയാണ് കെ.പി.സി.സി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്. കടം അടച്ച് തീര്‍ക്കാത്തതിനെ തുടര്‍ന്ന് വിജയന്റെ മരുമകള്‍ ഡിസിസി ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
2024 ഡിസംബര്‍ 24ന് വിഷം കഴിച്ച വിജയനും മകനും 27നാണ് മരിച്ചത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് വിജയന്‍ ഇടനില ക്കാരന്‍ എന്ന നിലയില്‍ അനേകം ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇവരില്‍ പലര്‍ക്കും ജോലി കൊടുക്കാനോ പണം തിരികെ നല്‍കാനോ വിജയന് കഴിഞ്ഞില്ല. നിയമന വാഗ്ദാനം നല്‍കി ആളുകളില്‍ നിന്ന് വാങ്ങിയ പണം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്കാണ് വിജയന്‍ കൈമാറിയത്.
ഈ വിവരം വ്യക്തമാക്കുന്നതായിരുന്നു വിജയന്റെ മരണശേഷം പുറത്തുവന്ന കുറിപ്പുകള്‍. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വിജയന്‍ സ്വത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തിരുന്നു. മരണം വിവാദമാകുകയും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ആത്മഹത്യ പ്രേരണ കേസില്‍ അകപ്പെടുകയും ചെയ്തപ്പോഴാണ് പാര്‍ട്ടി ഇടപെടല്‍ ഉണ്ടായത്.
ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി. ബാങ്കുകളില്‍ അടക്കം ഏകദേശം 2.25 കോടി രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് തവണകളായി 20 ലക്ഷം രൂപയാണ് പാര്‍ട്ടി ഇതിനകം ലഭ്യമാക്കിയത്.
പാര്‍ട്ടി നേതാക്കളില്‍ ചിലരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ പറയുന്നത് പ്രകാരം അഞ്ച് ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്നാണ് വിജയന്റെ മരുമകള്‍ പറയുന്നത്. വീടിന്റെയും സ്ഥലത്തിന്റെയും ബാധ്യത തീര്‍ക്കാന്‍ പാര്‍ട്ടി തയാറാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."