പാതിരിയാട് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു
തലശ്ശേരി: കൂത്തുപറമ്പിനു സമീപം പാതിരിയാട് ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. പാതിരിയാട്ടെ നവജിത് നിവാസില്‍ രാജുവിന്റെ മകന് നവജിത്തി(21)നാണ് ഇന്നലെ രാത്രി 9.45ഓടെ വെട്ടേറ്റത്. പരുക്കേറ്റ നവജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വീട്ടിലേക്ക് പോകുന്ന വഴി പാതിരിയാട് ബസ് സ്റ്റോപ്പിന് സമീപത്താണ് നവജിത്തിനെ ഒരു സംഘം മാരകായുധങ്ങളുമായെത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസാണ് നവജിത്തിനെ ജീപ്പില്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ഇടത് കാലിനും ഇടത് കൈക്കും നിരവധി വെട്ടുകളേറ്റ നവജിത്തിനെ രക്തം അമിതമായി വാര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വം പറഞ്ഞു. സംഘര്‍ഷാവസ്ഥയിലായ പാതിരിയാട്ട് കൂത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി സുമേഷ്, മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്, കെ അജേഷ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി പരുക്കേറ്റ നവജിത്തിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."