സംഗീതജ്ഞന് കൃഷ്ണദാസ് വടകര അന്തരിച്ചു
വടകര: സംഗീത സംവിധായകനും ഗായകനുമായ കൃഷ്ണദാസ് വടകര (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. അനശ്വര ഗാനങ്ങളാല്‍ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണദാസിന്റേതായി ഒട്ടേറെ മനോഹര ഗാനങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്.
1973ല്‍ വി.എം. കുട്ടി തന്റെ ട്രൂപ്പിലേക്ക് ക്ഷണിച്ചതോടെയാണ് കൃഷ്ണദാസ് മാപ്പിളപ്പാട്ടിന്റെ ലോകത്തെത്തിയത്. മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തെന്റേതറുക്കു ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളിക്കാറില്‍, മക്കാ മരുഭൂമിയില്‍... തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെതായിട്ടുണ്ട്.
എച്ച്.എം.വി, തരംഗിണി തുടങ്ങിയ കാസറ്റു കമ്പനികള്‍ക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ചു. പി.ടി. അബ്ദുറഹിമാന്റെയും വി.ടി. കുമാരന് മാസ്റ്ററുടെയും നിരവധി ഗാനങ്ങള്‍ ആസ്വാദകരിലെത്തിച്ചു.
ഇടതു സഹയാത്രികനായ കൃഷ്ണദാസ് പഴയകാല പാര്‍ട്ടി വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു.
1979ല്‍ കണ്ണാടിക്കൂട് എന്ന സിനിമയ്ക്കു വേണ്ടി ആറുപാട്ടുകള്‍ കൃഷ്ണദാസ് ഒരുക്കിയിരുന്നു. 1962ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂളില്‍ സംഗീതാധ്യാപകനായി നിയമനം ലഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ പുറത്താക്കപ്പെട്ടു. ഈ സമയത്ത് തിരുവനന്തപുരം കലാനിലയത്തിന്റെ ഭാഗമായി. 1967ല്‍ ഇ.എം.എസ് സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തു.
ഭാര്യ: വസന്ത. മക്കള്‍: ഗീത, പ്രസീത, പ്രവിത. മരുമക്കള്‍: വത്സന്, രാജീവന്, മധു. സംസ്കാരം ഇന്ന് ഒന്‍പതിന് മടപ്പള്ളി നാദാപുരം റോഡിലെ വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."