കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍
കൊല്ലം: കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി.
10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും 700ലേറെ പാര്‍ട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമാണ് പാര്‍ട്ടി വിട്ടതെന്ന് നേതാക്കള്‍ അറിയിച്ചു.
മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെസി അനില്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രതാപന്‍, അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ അംഗം കണ്ണങ്കോട് സുധാകരന്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന ജി എസ് പ്രിജിലാല്‍, കടയ്ക്കല്‍ പഞ്ചായത്ത് അംഗം വി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറിയും മുല്ലക്കര രത്‌നാകരന്റെ സഹോദരിയുമായ പി രജിതകുമാരി തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി വിട്ടത്.
ജില്ലാ നേതൃത്വം സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ചേര്‍ത്ത് നിര്‍ത്താനുള്ള അവസരങ്ങള്‍ നിരവധി വന്നിട്ടും പാര്‍ട്ടി നേതൃത്വം തങ്ങളെ അവഗണിച്ചുവെന്നുമാണ് പാര്‍ട്ടിവിട്ട നേതാക്കളുടെ പരാതി. ജില്ലാ സമ്മേളനത്തില്‍ പോലും കടയ്ക്കലില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ലെന്നും പാര്‍ട്ടി വിടുന്ന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് യോഗം ചേര്‍ന്നിരുന്നെങ്കിലും ജില്ലാ നേതാക്കള്‍ വിട്ടുനിന്നിരുന്നു.
English Summary: In the Communist Party of India (CPI) unit at Kadaykkal in the Kollam district, more than 700 members have resigned en masse, according to party leaders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."