രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കേസ് നാളെ വീണ്ടും പരിഗണിക്കും. കേസിലെ അന്തിമ വാദം നാളെ നടക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. അതേസമയം , രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു. രാഹുലിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് പൊലിസ് റിപ്പോര്‍ട്ടിലുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിജീവിതയെ രാഹുല്‍ പലതവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. യുവതിയെ പാലക്കാട്ടേക്ക് കൊണ്ടുപോയത് നിര്‍ബന്ധിച്ചാണെന്നും ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുകളുണ്ടെന്നുമാണ് പൊലിസ് റിപ്പോര്‍ട്ടിലുണ്ടെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പൊലിസ് റിപ്പോര്‍ട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കോടതി പറയുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കൂടാതെ, ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത് നിര്‍ബന്ധിച്ചതിനാലല്ലെന്നും യുവതി സ്വമേധയാ കഴിച്ചതാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
രാഹുലിന്റെ സുഹൃത്തായ ഫെനിയാണ് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചതെന്നും അത് കഴിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി രാഹുല്‍ വീഡിയോകോള്‍ ചെയ്തിരുന്നുവെന്നുമായിരുന്നു യുവതി മൊഴി നല്‍കിയിരുന്നത്. ഈ മൊഴി പൂര്‍ണമായും തെറ്റാണെന്നും താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ സമര്‍ത്ഥിച്ചു. വാദങ്ങള്‍ക്ക് ബലമേകുന്ന ഡിജിറ്റല്‍ രേഖകളും രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന് പറയുമ്പോഴും രാഹുല്‍ കേസില്‍ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തില്‍ ഉണ്ടാകും. ഇതോടെ സി.പി.എമ്മിനെ സ്വര്‍ണക്കൊള്ളയില്‍ തളച്ചിടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇനി ആറ് ദിവസം മാത്രമാണുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ആയുധമാക്കി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നതിനിടെയാണ് രാഹുലിനെതിരേ മറ്റൊരു യുവതിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെ.പി.സി.സിക്കും പരാതി നല്‍കി രംഗത്തെത്തിയത്. ഇതോടെ, രാഹുലിനെ പുറത്താക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നാണ് സൂചന.
രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലിസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ബലാത്സംഗം, യുവതിയെ അശാസ്ത്രീയ രീതിയില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുക അടക്കമുള്ള ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 10 മുതല്‍ 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."