രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി. ഹരജി പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചില്ല. നാളെ വൈകീട്ട് വരെ അദ്ദേഹം പൊലിസ് കസ്റ്റഡിയില്‍ തുടരും.
കേസില്‍ റിമാന്‍ഡിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു രാഹുല്‍ ഈശ്വര്‍. അറസ്റ്റില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാര സമരത്തിലായിരുന്നു അദ്ദേഹം. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ വാദിക്കുന്നത്. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബര്‍ പൊലിസും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. യുവതിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ആക്രമണക്കേസുകളില്‍ പൊതുവെ പൊലിസ് സ്വീകരിക്കാറുള്ള നിലപാടല്ല രാഹുല്‍ ഈശ്വറിന്റെ കാര്യത്തില്‍ പൊലിസ് സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഈശ്വറിനെതിരായ കേസില്‍ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് മുന്നോട്ടുപോകുന്നത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലിസ് തീരുമാനം.
തിങ്കളാഴ്ച വൈകിട്ട് ജില്ലാ ജയിലില്‍ എത്തിച്ചു മുതല്‍ നിരാഹരം ഇരുന്ന് പ്രതിഷേധിക്കുന്ന രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു. രാഹുലിനെ നിരന്തരം നിരീക്ഷിക്കേണ്ട ആവശ്യമുള്ളതിനാല്‍ ഡോക്ടറുടെ സേവനം വേണം. ഈ രണ്ട് സൗകര്യങ്ങളും ജില്ലാ ജയിലിലില്ല. ഇതേതുടര്‍ന്നാണ് രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
അതേസമയം,രാഹുലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്. യുവതിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കൊച്ചിയിലും ഇന്നലെ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സൈബര്‍ അധിക്ഷേപ കേസില്‍ സന്ദീപവാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. അടച്ചിട്ട മുറിയിലാണ് വാദം കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."