ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍
വാഷിങ്ടണ്‍: ദിവസങ്ങള്‍ കഴിഞ്ഞും തുടരുന്ന യു.എസ് ഷട്ട്ഡൗണില്‍ കടുത്ത നീക്കവുമായി വിമാനക്കമ്പനികളും. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. യുണൈറ്റഡ്, സൗത്ത് വെസ്റ്റ്, ഡെല്‍റ്റ എയര്‍ലൈനുകളാണ് വിമാനസര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വെള്ളിയാഴ്ച വരെ ഷട്ട്ഡൗണ്‍ നീണ്ടാല്‍ രാജ്യത്തെ തിരക്കേറിയ 40 വിമാനത്താവളങ്ങളില്‍ 10 ശതമാനം വിമാന സര്‍വിസുകള്‍ കുറക്കാനാണ് തീരുമാനമെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സ,ൂചിപ്പിക്കുന്നു. വിമാനത്താവളങ്ങളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച 170 വിമാനസര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. 120 സര്‍വിസുകള്‍ റദ്ദാക്കാനാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ തീരുമാനം. ഞായറാഴ്ച വരെ വിമാനകമ്പനികള്‍ സര്‍വിസ് നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജീവനക്കാരുടെ കുറവ് മൂലം കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാനകമ്പനികളെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നീക്കം. വെള്ളിയാഴ്ച രാവിലേക്ക് മുമ്പ് നാല് ശതമാനം സര്‍വിസുകള്‍ കുറക്കാനും വിമാനകമ്പനികള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര സര്‍വിസുകള്‍ റദ്ദാക്കരുതെന്നും വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഷട്ട്ഡൗണ്‍ മൂലം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ അടക്കം പതിനായിരക്കണക്കിനു പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 13,000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50,000 ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഏജന്റുമാരും ശമ്പളമില്ലാതെ നിര്‍ബന്ധിതാവസ്ഥയില്‍ ജോലി ചെയ്യുകയാണ്. ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ ചിലര്‍ മറ്റ് ജോലികളില്‍ ചെയ്യാനായി നിര്‍ബന്ധിതരാകുന്നുണ്ട്. മറ്റുചിലര്‍ പ്രതിഷേധത്തിന്റെ ഭാഗമായി അവധി എടുക്കുകയാണ്.
ഫണ്ടിങ് ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും തര്‍ക്കം തുടരുകയാണ്. തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ നീട്ടാത്ത ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റുകള്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം റിപ്പബ്ലിക്കന്‍മാര്‍ ഇത് അംഗീകരിക്കുന്നില്ല.
ഒക്ടോബര്‍ 1ന് ആരംഭിച്ച അടച്ചുപൂട്ടലില്‍ താഴ്ന്ന വരുമാനക്കാരായ നിരവധി അമേരിക്കക്കാര്‍ക്ക് ഭക്ഷ്യസഹായം നഷ്ടപ്പെടുത്തുകയും നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇല്ലാതാക്കുകയും ഏകദേശം 750,000 ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുകയും ചെയ്തു.
major us airlines including united, southwest, and delta reduce flight services amid ongoing government shutdown. faa directs airlines to cut up to 10% of flights at busiest airports due to air traffic controller shortage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."