യൂട്യൂബർ അബു അരീക്കോടിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും,യൂ ടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ് ലോ കോളേജ് വിദ്യാര്‍ഥിയായിരുന്നു. പുതുപ്പാടിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അബു അരീക്കോടിന്റെ മരണത്തില്‍ മുന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ അടക്കമുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. അബുവിനെക്കുറിച്ച് കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കെടി ജലിലീന്റെ ഫേസ്ബുക്ക് കുറിപ്പ്
അബു അരീക്കോട് ഇനി യു ട്യൂബിൽ വരില്ല!
ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാൾ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരൻ അബു രാഷ്ട്രീയത്തിൽ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.
നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപർവ്വങ്ങൾ താണ്ടേണ്ടി വന്നപ്പോഴും
ആരുടെ മുമ്പിലും ആദർശം അബു അടിയറ വെച്ചില്ല. യു ട്യൂബർ എന്ന നിലയിൽ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താൻ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളിൽ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തിൽ അരങ്ങൊഴിഞ്ഞത്.
മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവൻ പിള്ള, ജീവിതത്തിൻ്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളിൽ മറയുന്നതിന് മുമ്പ് എഴുതിയ വരികൾ മലയാളികൾക്ക് മറക്കാനാവില്ല:
"ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും"
ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോൾ അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാൻ അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാൻ വീട്ടുവീഴ്ചകൾ വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞത്.
അനാവശ്യമായ മരണം എന്നേ അബു അരീക്കോടിൻ്റെ വേർപാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേൽ ഉള്ള സാധാരണ മനുഷ്യർ, അബുവിൻ്റെ വഴി തെരഞ്ഞെടുക്കുന്നത് തോൽക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉൾക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിൻ്റെ ചെപ്പിൽ അടച്ചുവെച്ച് ജീവിതത്തിൻ്റെ അവസാന ലാപ്പുവരെ ഓടിത്തീർക്കണം. അതിനിടയിൽ ട്രാക്കിൽ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."