ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാന ഡിജിപിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ആരാധനാലയങ്ങളിലും ജനങ്ങൾ കൂടുന്ന തിരക്കേറിയ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
പൊലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കേറിയ കേന്ദ്രങ്ങളിൽ കർശനമായ പരിശോധനകൾ ഉറപ്പുവരുത്താനും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുഗതാഗത കേന്ദ്രങ്ങളിലും പരിശോധനകൾ ഊർജിതമാക്കും. ജില്ലാ പൊലിസ് മേധാവിമാർ ഈ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്നത് വൻ സ്‌ഫോടനം
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് (റെഡ് ഫോർട്ട്) സമീപം വൈകീട്ട് 6.55 ഓടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ട്രാഫിക് സിഗ്നലിൽ വച്ച് ഹ്യുണ്ടായ് ഐട്വന്റി വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഇരുപത്തിനാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഫോടനത്തെ തുടർന്ന് എട്ട് വാഹനങ്ങളാണ് തീപിടിച്ച് നശിച്ചത്. ഗൗരി ശങ്കർ മന്ദിറിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ആദ്യം സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതലും സിഎൻജി കാറുകൾ പാർക്ക് ചെയ്തിരുന്നത് തീവ്രത വർദ്ധിപ്പിക്കാൻ കാരണമായതായും സൂചനയുണ്ട്.
വിവരം ലഭിച്ച ഉടൻ ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്ക്വാഡ്, എൻഐഎ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണമാണോ എന്നും പൊലിസ് പരിശോധിച്ചുവരികയാണ്. നിലവിൽ പ്രദേശത്തിന്റെ സുരക്ഷ എൻഎസ്ജി ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഉടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതയുടെ ഭാഗമായി മുംബൈ, കൊൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേദിയാകുന്ന ചരിത്ര സ്മാരകത്തിന് സമീപമുണ്ടായ ഈ സംഭവത്തെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
An explosion occurred in a parked car near Delhi's Red Fort Metro Station, resulting in at least eight fatalities and multiple injuries. The high-intensity blast caused panic and damaged several vehicles, prompting Delhi Police to sound a Red Alert.
Following the incident, the Director General of Police (DGP) issued a security alert in Kerala, instructing police to intensify patrols and maintain heightened vigilance at crowded places, including religious sites, railway stations, and bus stands, in addition to similar alerts issued in cities like Mumbai. Investigation agencies, including the NIA and NSG, have been rushed to the scene to determine the cause and nature of the explosion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."