തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നു പുറത്തിറങ്ങും. ഇന്നു മുതൽ 21 വരെ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ പത്രിക സമർപ്പിക്കാം. 22ന് സൂക്ഷ്മ പരിശോധന. 24ന് പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കും.
നാമനിർദേശ പത്രിക ഫോം 2 ൽ ആണ് പൂരിപ്പിച്ചു നൽകേണ്ടത്. പത്രികയോടൊപ്പം ഫോം 2 എയിൽ സ്ഥാവരജംഗമ സ്വത്തുക്കളുടെ ബാധ്യത, കുടിശ്ശിക, ക്രിമിനൽ കേസുകൾ ഉൾപ്പടെ വിവരങ്ങൾ നൽകണം. 21 വയസ് പൂർത്തിയായവർക്കാണ് പത്രിക സമർപ്പിക്കാൻ അവസരമുള്ളത്. പട്ടിക വിഭാഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർഥി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലേക്ക് 4,000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിലേക്ക് 5,000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടിക വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി നൽകിയാൽ മതി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ 11നുമാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."