തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ
കൽപ്പറ്റ: സംസ്ഥാനത്തെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് 7,314 പേർ അയോഗ്യർ. 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലേക്കും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും മത്സരിച്ച സ്ഥാനാർഥികൾക്കാണ് അഞ്ചു വർഷത്തേക്ക് അയോഗ്യത കൽപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കിയത്.
കേരള പഞ്ചായത്തീരാജ് ആക്ടിലെ 85, 56 വകുപ്പുകൾ പ്രകാരം സ്ഥാനാർഥികൾ സമർപ്പിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകൾ നൽകാത്തവരാണ് അയോഗ്യരായത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അയോഗ്യതയുള്ളത്. 794 പേരാണ് ജില്ലയിൽ അയോഗ്യരായത്. തിരുവനന്തപുരം- 782, കൊല്ലം- 749, എറണാകുളം- 682, തൃശൂർ- 656, പാലക്കാട്- 618, കോഴിക്കോട്- 576 സ്ഥാനാർഥികളും അയോഗ്യരായിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ 450ലധികം പേർക്കും അയോഗ്യത കൽപ്പിക്കപ്പെട്ടിട്ടുണ്ട്. 131 പേർക്ക് അയോഗ്യതയുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ അയോഗ്യരാക്കപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 207, 209 പേരും അയോഗ്യരായി. പ്രധാന മുന്നണികളുടെ ഭാഗമല്ലാതിരുന്ന സ്ഥാനാർഥികളാണ് അയോഗ്യരായവരിൽ ഭൂരിഭാഗവും. എന്നാൽ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത സമയത്ത് സമർപ്പിക്കാത്തതിനെ തുടർന്ന് നോട്ടിസ് നൽകിയിട്ടും വിശദീകരണം നൽകാത്തവരെയാണ് കമ്മിഷൻ പഞ്ചായത്തീരാജ് ആക്ടിലെ 33ാം വകുപ്പ് പ്രകാരം അഞ്ചു വർഷത്തേക്ക് അയോഗ്യരാക്കിയത്.
2020ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ശേഷം 2022 ഓഗസ്റ്റിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ 7,314 പേരെ അയോഗ്യരാക്കി ഉത്തരവിറക്കിയത്. നിയമപ്രകാരം നിശ്ചിത പരിധിക്കുള്ളിൽ കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെയും നിശ്ചിത പരിധിയിൽ കൂടുതൽ ചെലവ് ചെയ്യുന്നവരെയുമാണ് അയോഗ്യരാക്കുക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണക്ക് കൃത്യസമയത്ത് സമർപ്പിക്കാത്തവരാണ് അയോഗ്യരാക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ഉത്തരവ് തീയതിയായ 2022 ഓഗസ്റ്റ് 27 മുതൽ അഞ്ചു വർഷത്തേക്കാണ് ഇവർക്ക് അയോഗ്യതയുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."