ബീഹാർ പിടിക്കാൻ ലോകബാങ്ക് ഫണ്ടിൽ നിന്ന് 14,000 കോടി രൂപ വകമാറ്റി; തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎക്കെതിരെ ഗുരുതരാരോപണവുമായി ജൻ സൂരജ് പാർട്ടി
പറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി. ലോകബാങ്കിൽ നിന്നുള്ള ഫണ്ട് വകമാറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് പ്രധാന ആരോപണം.
എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ജൻ സുരാജ് വക്താവ് പവൻ വർമ്മ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മറ്റൊരു പദ്ധതിക്കായി ലോകബാങ്കിൽ നിന്ന് അനുവദിച്ച ഫണ്ട് കേന്ദ്രസർക്കാർ പിൻവലിക്കുകയും, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം.
മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം 1.25 കോടി വനിതാ വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം നൽകിയതാണ് ജൻ സൂരജ് സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നത്.
"തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് ഒരൊറ്റ മണിക്കൂർ മുമ്പ്, 14,000 കോടി രൂപ പുറത്തെടുത്ത് സംസ്ഥാനത്തെ 1.25 കോടി സ്ത്രീകൾക്ക് വിതരണം ചെയ്തു," വർമ്മ ആരോപിച്ചു. ലോകബാങ്കിൽ നിന്ന് മറ്റേതോ പദ്ധതിക്കായി ലഭിച്ച 21,000 കോടി രൂപയിൽ നിന്നാണ് ഈ തുക തട്ടിയെടുത്തത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
"ഇത് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളാണ്. അത് തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷേ അത് ശരിയാണെങ്കിൽ, ഇത് എത്രത്തോളം ധാർമ്മികമാണ് എന്ന ചോദ്യം ഉയർന്നുവരും." സർക്കാരിന് പണം നൽകാനും തെരഞ്ഞെടുപ്പിന് ശേഷം വിശദീകരണം നൽകാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമുഖത്തിൽ ബീഹാറിൻ്റെ സാമ്പത്തിക സ്ഥിതിയും വർമ്മ ചൂണ്ടിക്കാട്ടി. ബീഹാറിലെ പൊതു കടം നിലവിൽ 4,06,000 കോടി രൂപയാണെന്നും, ഒരു ദിവസത്തെ പലിശ ₹ 63 കോടി രൂപയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. "സംസ്ഥാനത്തിൻ്റെ ഖജനാവ് ശൂന്യമാണ്," അദ്ദേഹം വ്യക്തമാക്കി.
മദ്യനിരോധനം പിൻവലിക്കുമെന്ന പ്രശാന്ത് കിഷോറിൻ്റെ വാഗ്ദാനമാണ് തോൽവിക്ക് കാരണമായതെന്ന വാദം അദ്ദേഹം നിഷേധിച്ചു. സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് മദ്യം വ്യാപകമായി വിൽക്കുന്നുണ്ടെന്നും ഇത് സ്ത്രീകൾക്ക് ബാധ്യതയുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
jan suraj party alleges that the nda diverted rs 14,000 crore from world bank funds to influence the political climate in bihar after the election results, triggering a fresh controversy and raising questions over governance, transparency, and fund utilisation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."