കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം
ഡൽഹി: ബെംഗളുരുവിലെ ബുൾഡോസർ രാജിൽ വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം. കർണാടക പ്രദേശ് കമ്മിറ്റിയോടാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം വിശദീകരണം തേടിയത്. കോൺഗ്രസ് ബുൾഡോസർ രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഈ നടപടി. കയ്യേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി യെഹലങ്ക കോഗിലു, ഫഖീർ കോളനിയിലെയും വസീം ലേ ഔട്ടിലേയും 300ൽ അധികം ചേരി വീടുകൾ മുന്നറിയിപ്പ് കൂടാതെ പൊളിച്ചു മാറ്റിയത്. ഈ ഇടിച്ചു നിരത്തലിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല. പുലർച്ചെ ചേരി വീടുകൾ ജെസിബി ഉപയോഗിച്ചുകൊണ്ട് നീക്കം ചെയ്യുകയും വൈകുന്നേരം ബുൾഡോസർ ഉപയോഗിച്ച് മുഴുവൻ പ്രദേശവും പൊളിച്ചു മാറ്റുകയായിരുന്നു.
അതേസമയം ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ പ്രശ്നപരിഹാരത്തിനായി നീക്കം തുടങ്ങിയിട്ടുണ്ട്. 300 വീടുകളിലായി 3000ത്തോളം ആളുകളാണ് താമസിച്ചിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനുവേണ്ടി സർവ്വേ നടപടികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."