നീണ്ട തടവുജീവിതം; പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വീണ്ടും അസം ഖാനെ ജയിലിലടച്ചു; രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം
രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി കൊണ്ട് തന്നെ എതിർക്കുകയും, സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന രീതിയാണ് ജനാധിപത്യത്തെ നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി. ചരിത്രത്തിൽ രാഷ്ട്രീയ എതിരാളികളെ തുറങ്കിലടച്ചും, അവരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നപ്പോഴെല്ലാം ആ പ്രവണതയെ ഇല്ലായ്മ ചെയ്യാൻ രാജ്യത്തിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്ത് ഏകാധിപത്യ ഭരണസംവിധാനം തുടക്കം കുറിക്കുന്ന ഘട്ടത്തിൽ തന്നെ അതിന്റെ ഒടുക്കവും അറിഞ്ഞിട്ടുണ്ട് എന്നതാണ് ചരിത്രം നമ്മുടെ മുന്നിലേക്ക് വെക്കുന്ന വസ്തുത.
2014 മോദി അധികാരത്തിൽ ഏറിയതിന് ശേഷം രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്ന രീതി നമ്മൾ കണ്ടതാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയെ തന്നെ അറസ്റ്റ് ചെയ്യുവാനും, ആ പ്രദേശത്ത് അസ്ഥിരത ജനപ്പിക്കാനും ഹിന്ദുത്വ ഭരണകൂടത്തിന് സാധിച്ചു എന്നത് ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ വെട്ടിലാക്കുന്ന ഒന്നാണ്. എതിർ ശബ്ദം ഉന്നയിക്കുന്നവരെ കൊന്നും ജയിലിലടച്ചും തങ്ങളുടെ അധികാരം നിലനിർത്തുന്ന ഹിന്ദുത്വ ഭരണകൂടത്തിന് എതിരെ വലിയ അർത്ഥത്തിലുള്ള പ്രതിഷേധങ്ങൾ ചരിത്രത്തിൽ ഉയർന്നത് പോലെ ഉയരുന്നില്ല എന്നതും ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. ബി. ജെ. പി ഭരിക്കുന്ന കേന്ദ്ര ഭരണക്കൂടത്തിന് പുറമേ അവർക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
അസ്സം ഖാനിനെ നിരന്തരം വേട്ടയാടുന്ന യോഗി ഭരണകൂടം :
2017ൽ യോഗി ആദിത്യനാദ് ഉത്തർ പ്രദേശിന്റെ മുഖ്യ മന്ത്രിയായത് മുതൽ ഏതാണ്ട് 100നോട് അടുപ്പിച്ചുള്ള ചെറുതും, വലുതുമായ കേസുകളാണ് സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവായ അസ്സം ഖാനിനും, കുടുംബത്തിനും നേർക്ക് ചാർത്തിയിട്ടുള്ളത്. ഈ കേസുകളുടെ പേരിൽ നിരന്തരം മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായ അസ്സം ഖാനിനും കുടുംബത്തിനും.
നിരവധി കേസുകൾ ഒരൊറ്റ ഉദ്ദേശം
അസ്സം ഖാനിനെതിരെ യോഗി ഭരണത്തിൽ ഏറിയതിന് ശേഷം ഏതാണ്ട് 100ന് അടുപ്പിച്ച് കേസുകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ ഭൂമി തട്ടിപ്പ്, ആട് മോഷണം, വഞ്ചന, കൃത്രിമ രേഖകൾ ഉണ്ടാക്കൽ, വിദ്വേശ പ്രചരണം, വാസ സ്ഥലം നശിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിൽ ഏതാണ്ട് പന്ത്രണ്ടോളം കേസിൽ വിധി പറഞ്ഞ കോടതി ഏതാണ്ട് 6 കേസുകളിൽ ശിക്ഷ വിധിക്കുകയയും, 6 കേസുകളിൽ നിരപരാധിയാണ് എന്ന് കണ്ടെത്തി വിട്ടയുക്കകയും ചെയ്തിട്ടുണ്ട്. ഒരു കേസ് കോടതി എടുത്തു കളയുകയും ചെയ്തു. നിലവിൽ ഏതാണ്ട് 81 കേസുകൾ കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. കീഴ് കോടതിയുടെ വിധി പ്രകാരം 27 മാസവും, 23 മാസവുമായി കൊണ്ട് രണ്ട് തവണയായി അസ്സം ഖാനിനും കുടുംബത്തിനും ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്.
കേസുകളും ജയിൽ ജീവിതവും
2024ൽ രാമ്പൂർ എം. പി./എം. എൽ. എ കോടതി 2016-ലെ ഒരു കേസുമായി ബന്ധപ്പെട്ട് 10 വർഷത്തെ തടവിന് വിധിക്കുന്നു. രാമ്പൂരിലെ ദുങ്കർപൂർ പ്രദേശത്തിലെ ഒരു വീട് കൊള്ളയടിക്കുകയും, വീട്ടിലെ മനുഷ്യരെ ഇറക്കി വിടുകയും, വീട് നശിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. സെപ്തംബർ 10, 2025ൽ ഈ കേസിൽ അസ്സം ഖാനിന് ജാമ്യം ലഭിച്ചു.
സംഘപരിവാർ മാധ്യമങ്ങൾ തന്നെ പറയുന്നതനുസരിച്ച് ഏതാണ്ട് 286 കെട്ടിടങ്ങൾ യോഗി സർക്കാർ ഇതിനോടകം തന്നെ പൊളിച്ചു കഴിഞ്ഞു. അതിൽ വീടുകൾ, പള്ളികൾ, മദ്രസക എന്നിവയായിരുന്നു ഏറെയും. പൊളിച്ചു മാറ്റപ്പെട്ടതിൽ കൂടുതലും മുസ്ലിം വീടുകളും , സ്ഥാപനങ്ങളും. ഈ പൊളിച്ചു മാറ്റലുകൾക്ക് ന്യായീകരണമായി സർക്കാർ പറഞ്ഞത് ക്രിമിനലുകളെ ഒഴിപ്പിക്കുന്നു എന്നാണ്. യാതൊരു വിധ പ്രൊട്ടോക്കോളും പാലിക്കാതെ നടപ്പിലാക്കിയ ഈ 'ബുൾഡോസർ രാജന്' എതിരെ ഒരു സമയം കോടതി പോലും ശക്തമായി വിമർശിക്കുന്നുണ്ട്. എന്നിട്ടും യോഗി ബുൾഡോസർ രാജ് തുടർന്ന് കൊണ്ടേയിരുന്നു, ഒരു പോലീസും യോഗിക്കെതിരെ കേസ് എടുത്തില്ല, ഒരു എം. എൽ. എ / എ. പി. കോടതിയും യോഗിയെ ശിക്ഷിച്ചുമില്ല.
2020ൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന് ആരോപിച്ച് ജയിലിലായ അദ്ദേഹം മെയ് 2022ലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
2023ൽ ഭാര്യ തസീൻ ഫാത്തിമയും, മകൻ അബ്‌ദുള്ള അസമും കൃത്രിമ രേഖകൾ ഉണ്ടാക്കി എന്ന് ആരോപിക്കപ്പെട്ട് വീണ്ടും ജയിലിലാകുന്നു. മോചിപ്പിക്കപ്പെടുന്നത് 2025 സെപ്തംബർ മാസം.
പ്രധാന മന്ത്രി നേരന്ദ്ര മോദിയുടെ ഡിഗ്രീ, പി. ജി. സർട്ടിഫിക്കറ്റുകൾ കൃത്രിമമാണെന്ന് ആം. ആദ്മി. പാർട്ടി നേതാക്കളടക്കം പലരും ഉന്നയിച്ചിട്ടുള്ള വിഷയമാണ്. ഡൽഹി സർവകലശാലയും, ഗുജറാത്ത് സർവ്വകലശാലയും മോദി തങ്ങളുടെ വിദ്യാർത്ഥിയായിരുന്നുവെന്ന് വാദിക്കുന്നുണ്ടെങ്കിലും മതിയായ രേഖകളൊന്നും സർവ്വകലാശാലകൾക്കോ, മോദിക്കോ ഇത് വരെ പുറത്ത് വിടാൻ സാധിച്ചിട്ടില്ല. സർവ്വകലാശാലയുടെയും മോദിയുടെയും വാദങ്ങളിലെ വൈരുദ്ധ്യങ്ങൾ പൊതു ജനം തിരിച്ചറിഞ്ഞിട്ടും കൃത്യമായ രേഖകൾ കൊണ്ട് വന്ന് ജനങ്ങളുടെ സംശയത്തെ മറികടക്കാൻ നമ്മുടെ പ്രധാന മന്ത്രിക്ക് ഇത് വരെയും സാധിച്ചിട്ടില്ല.
വിദ്വേശ പ്രചാരണമാണ് അസ്സം ഖാനിനെതിരെ ഉയർന്ന മറ്റൊരു ആരോപണം. 'ദ വയർ', 'ഹിന്ദുത്വ വാച്ച് അനലൈസിസ്' പുറത്ത് വിട്ട കണക്കുകൾ പ്രകാരം തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെ 34 പൊതു പ്രഭാഷണങ്ങളിൽ മാത്രം നൂറോളം മുസ്ലിം വെറുപ്പ് സംസാരിക്കാൻ യോഗി സമയം കണ്ടെത്തിയിരുന്നു. ക്ഷേത്രങ്ങളിലെ മൈക്കുകൾ അഴിച്ചു മാറ്റുന്നു, പക്ഷെ പള്ളികളുടേത് അഴിച്ചു മാറ്റുന്നില്ല എന്ന പരാമർശത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വിദ്വേശ പ്രചാരണമാണ് എന്ന് സമ്മതിക്കുകയുണ്ടായി. എന്നാൽ യോഗിക്കെതിരെ കേസ് എടുക്കാനോ, നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിനെ തടയാനോ പോലീസിനോ, കോടതിക്കോ സാധിക്കുന്നില്ല.
ഏറ്റവും ഒടുവിൽ രാമ്പൂർ എം. എൽ. എ / എം. പി. കോടതി 2025 നവംബർ 17ന് വീണ്ടും അസ്സം ഖാനിനെയും, മകൻ അബ്‌ദുള്ള ഖാനിനെയും മറ്റൊരു കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
2017 തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പാൻ കാഡ് കൃത്രിമമായി അബ്‌ദുള്ള പിതാവ് അസ്സം ഖാനിന്റെ സഹായത്തോടെ ഉണ്ടാക്കിയെന്നതാണ് ഈ കേസ്. 2019ൽ ബി. ജെ. പി നേതാവ് ആകാശ് സക്സേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തിരുന്നത്. നിലവിൽ ഏഴ് വർഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ള നിർമല സീതാരാമിന് ഭർത്താവിന്റെയും, അച്ഛന്റെയും പേര് ചേർത്ത് കൊണ്ടുള്ള രണ്ട് പാൻ കാഡുകളുണ്ട് എന്ന വാർത്ത തെളിവ് സഹിതം ഇതിനോടകം തന്നെ പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞു.
എന്ത് കൊണ്ട് അസ്സം ഖാൻ?
മണ്ഡൽ കമ്മീഷന് ശേഷം, 'റാം മൂവ്മെന്റിന്' എതിരെ പിന്നോക്ക സമുദായങ്ങളെ ചേർത്ത് പിടിച്ച് രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് സമാജ്വാദി പാർട്ടി. അതിലെ ഏറ്റവും മുതിർന്നതും, ആദ്യ കാല നേതാക്കളിൽ ഒരാളുമാണ് അസ്സം ഖാൻ. നിരവധി തവണ എം. എൽ. എയും ഒരു തവണ എം. പിയുമായ അസ്സം ഖാൻ അഭിഭാഷകൻ കൂടിയാണ്. യോഗിയുടെ ഭരണത്തിന് മുന്നേയും ശേഷവും നിരന്തരം ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ ശക്തമായി പോരാടിയ ഒരു ജനകീയ നേതാവ്. കുടുംബത്തെ പോലും ഭരണകൂടം വേട്ടയാടിയ നേരത്ത് അദ്ദേഹം തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്ന് പിന്മാറിയില്ല. 2020 തൊട്ട് 2025 വരെ വിവിധ കേസുകളിൽ ജയിലിൽ കഴിയേണ്ടി വന്ന അസ്സം ഖാനിന് ഇനിയും എമ്പതോളം കേസുകളുടെ വിധി ബാക്കി നിൽക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടാതെ തടങ്കലിലേക്ക് പറഞ്ഞയച്ച് പ്രതികാരം തീർക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യത്തിലെ സംവാദങ്ങളെയും, വൈവിദ്യങ്ങളെയും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്.
assam khan, after enduring years in jail, gets rearrested within days of release. opposition accuses bjp-led government of using hindutva agenda to silence and eliminate political rivals through repeated arrests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."